Saturday, December 14, 2019

യാത്ര .......





ഇന്നൊരു യാത്ര പോയാലോ? , ഹർത്താലായതുകൊണ്ടു തിരക്കൊന്നും ഉണ്ടാവില്ല .എന്തായാലും നമുക്കെല്ലാവർക്കും മുടക്കവുമല്ലേ...

ഡീജോയുടെ ആകാംഷാനിറഞ്ഞ ചോദ്യംകേട്ട് ലിജോ ചാടിയിറങ്ങി

ഞാൻ റെഡി ... എങ്ങോട്ടു പോണം...

അതിരമ്പിള്ളി തന്നെയാണോ ?

ഇന്നു അങ്ങോട്ട് വേണ്ട ,  എത്രതവണയായി പോകുന്നു .ഇന്നുനമുക്കു തൃശ്ശൂർ പോകാം ...ഇടക്കുകയറി  ബിനു തന്റെയഭിപ്രായം പറഞ്ഞു .

എന്തുവാടേ ഇതു , തൃശൂർ പോയി എന്തുകാണാനാണ് .പോകണമെങ്കിൽ എന്തെങ്കിലും ഒരു ത്രില്ല് വേണ്ടേ ? 

ജാക്‌സാ , അങ്ങിനെ പറയല്ലേടാ , മോനെ ...തൃശൂർ നമ്മൾ കറങ്ങാത്ത സ്ഥലമില്ലലോ , അത് മറക്കരുത് ....എന്നാ പിന്നെ വിലങ്ങൻകുന്നു പോയാലോ ?


വിലങ്ങൻകുന്നൊക്കെ പോയതല്ലെ , നമുക്കു പുന്നത്തൂർ കോട്ട കാണാൻ പോകാം..കഴിഞ്ഞ ദിവസം ഞങ്ങളുടെ കമ്പ്യൂട്ടർ ക്ലാസ്സിലെ പിള്ളേരെ കൊണ്ടുപോയി . എല്ലാവര്ക്കും നല്ല അഭിപ്രായമാണ് കാണാൻ കുറെ ഉണ്ടെന്നാ പറഞ്ഞത് . .. നമുക്കും പോയാലോ ?... പറഞ്ഞു മുഴുവനാകുന്നതിനു മുൻപേ വിൻസ് ഫോണെടുത്തു സ്റ്റാഫിനെ വിളിച്ചു ഡീറ്റെയിൽസ് ചോദിക്കാൻ തുടങ്ങി


ഒരഭിപ്രായവും പറയാതെ ഞാനിതൊക്കെ കേട്ടിരുന്നു ....
ഞാനിങ്ങനെ ആണ് , അധികം ആരോടും കൂട്ടിനുപോകാറില്ല . അഭിപ്രായങ്ങളും ഇല്ല . ഇവർക്കിടയിൽ ഞാനൊരു വ്യത്യസ്തനാണ് . ഇവരെല്ലാവരും കാറ്റിൽ പറക്കുന്ന പട്ടങ്ങളാണ് . ഞാൻ പറന്നു തുടങ്ങിയിട്ടേ ഉള്ളു . ഇനിയും ഒത്തിരിദൂരം പിന്നിടാനുണ്ട്......


"ഇവർ ഇങ്ങിനെയാണ്‌ , ഒരു കൂട്ടം നല്ല ചെറുപ്പക്കാർ , പേരെടുത്തു പറയാനാവാത്ത വിധം ഒത്തിരിയുണ്ട് ഇവർ . എല്ലാദിവസവും വൈകുന്നേരങ്ങളിലും , ശനിയാച്ചകളിലും മറ്റും ഡോൺബോസ്കോയിൽ ഒത്തുകൂടുന്നവർ ,ഒത്തിരിയധികം പ്രേവര്തനങ്ങളിൽ ഉൾപെടുന്നവർ . ചെറുപ്പക്കാരുടെയും കുട്ടികളുടെയും മാനസികമായ വളർച്ചക്ക് മുൻതൂക്കം കൊടുക്കുന്നവർ .
കൂടെ കലയും കായികവും വളർത്താൻ മുകൈ എടുക്കുന്നവർ, ഇവർ ഒന്നുംരണ്ടുമല്ല എണ്ണിയെടുക്കാനാവാത്തവിധമുണ്ട് ഇരിഞാലകുടയിൽ .
ഇവിടെ ജാതിയും മതവും ഒന്നും ഇല്ല . എല്ലാവര്ക്കും തുല്യ പ്രാധാന്യമാണ്.  അങ്ങിനെ ഒത്തിരിയുണ്ട് ഇവരെക്കുറിച്ചു പറയാൻ ...

ഇവിടെ നിന്നാണ് ഞാനെന്റെ ജീവിതം തിരിച്ചുപിടിക്കുന്നത് .
ഒരിക്കൽ വിഷാദത്തിൽ മുങ്ങി മങ്ങിത്തുടങ്ങിയ  എന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശിയത് ഡോൺബോസ്കോയിലെ ഐക്കഫ് ആണ് ....

ഇ കൂട്ടുകാർക്കിടയിലെ പ്രവർത്തനങ്ങളാണ് എന്നെപ്പോലെയുള്ള ഒത്തിരിച്ചെറുപ്പകാർക് , ജീവിതത്തിലെ ഏതുസാഹചര്യങ്ങളെയും നേരിടാനുള്ള കഴിവ് നൽകിയത് . ഇന്നു ഇവരിൽ പലരും ലോകത്തിന്റെ നാനാഭാഗങ്ങളിൽ വളരെ സന്തോഷത്തോടെ ജീവിക്കുന്നു .

എന്താടാ നീ ഇത്ര ആലോചിക്കുന്നേ ? നമുക്കു പോയാലോ...
മടിതോന്നിക്കുന്ന എന്റെ മുഖം കണ്ടിട്ടാണെന്നു തോന്നുന്നു ഷിൻസ് എന്നോട് ചോദിച്ചത് , അനിയനാണെകിലും അവനെന്നെ അങ്ങിനെ ഒക്കെയാണ് വിളിക്കാറുള്ളത്
ഞങ്ങൾ ചേട്ടനനിയന്മാർ എല്ലാവരും നല്ല ഫ്രണ്ട്സിനെ പോലെ ആണ്

ഇനി ഇപ്പോ അതികം നേരം ആലോചിക്കാനൊന്നും ഇല്ല , എല്ലാവരെയും ഒന്ന് വിളിച്ചുനോക്കട്ടെ ....പറഞ്ഞുതീരുന്നതിനു മുൻപേ
ക്രിസ് വേഗം ഫോണെടുത്തു എല്ലാവരെയും വിളിക്കാൻ തുടങ്ങി.

പത്തുപതിനഞ്ചു മിനിറ്റുകൾക്കുള്ളിൽ എല്ലാവരും എത്തി , അങ്ങിനെ ഞങ്ങൾ യാത്ര തുടങ്ങി ...അവസാനം അതിരമ്പിള്ളി തന്നെ തിരഞ്ഞെടുത്തു .
ബൈക്കിലാണ് പോകുന്നതെങ്കിലും എല്ലാവരുംകൂടി പത്തിരുപതു പേരുണ്ട്..
കോട്ടുംസൂട്ടുമിട്ട് എല്ലാവരും ഇറങ്ങിയപ്പോളേക്കും ചാറ്റൽമഴ തുടങ്ങിയിരുന്നു

' ഇതൊരു രസമുള്ള യാത്രയാണ് , ഞാനധികമൊന്നും ഇവരുടെ കൂടെപോയിട്ടില്ല എങ്കിലും പോയ എല്ലായാത്രകളും എന്റെ മനസിനെ വല്ലാതെ സന്തോഷിപ്പിക്കുകയും എന്തെന്നില്ലാത്ത ഒരു പോസിറ്റീവ് എനർജി നൽകുകയും ചെയ്തിട്ടുണ്ട് .

ഒരിക്കൽ കണ്ടിട്ടുള്ള സ്ഥലം ആണെങ്കില്പോലും ഓരോയാത്രകളും എന്തെങ്കിലും പ്രതേകതയുണ്ടായിരിക്കും'

ഒരു പുതിയ അനുഭവം പ്രതീക്ഷിച്ചുകൊണ്ട് ഞാനും അവരുടെ കൂടെ യാത്രയായി......

യാത്ര കുറച്ചുദൂരം പിന്നിട്ടപ്പോളെക്കും മഴ വല്ലാതെ ശക്തമായി പെയ്യാൻ തുടങ്ങി . വഴിയിലെങ്ങും ആരും ഇല്ലായിരുന്നു .ഹർത്താൽ ആഘോഷിക്കൽ മലയാളികൾക്കിടയിൽ ഒരു ഹരമായിമാറിയിരുന്നു.

മഴയും കാറ്റും കൊണ്ട് എല്ലാവരും നനഞ്ഞു കുതിർന്നു വിറയ്ക്കാൻ തുടങ്ങി.


ചാലക്കുടി എത്രയായപ്പോളേക്കും  വഴിയിൽ പലയിടത്തും ടയറുകളും കല്ലുകളും കൂട്ടിയിരിക്കുന്നത് കണ്ടുതുടങ്ങി.
 സാധാരണയിൽ കവിഞ്ഞുള്ള കാഴ്ചകളിൽ എല്ലാവര്ക്കും എന്തോ പന്തികേട് തോന്നി. എങ്കിലും ഞങ്ങൾ യാത്ര തുടങ്ങി

ബോണിയുടെ ബുള്ളറ്റ് എപ്പോളും മുൻപിലാണ് , ചാലക്കുടി ടൗണിൽ എത്തിയപ്പോൾ അവൻ എല്ലാവര്ക്കും സിഗ്നൽ തന്നു .  പാലത്തിനു താഴെയുള്ള തട്ടുകടയാണ് ലക്‌ഷ്യം . ഇതൊരു സ്ഥിരം പരിപാടിയാണ് , ഇ വഴിക്കു എവിടെയത്രപോയാലും ഞങ്ങൾ ഇവിടെനിന്നൊരു കട്ടൻചായ പതിവാണ് .മഴ നനഞ്ഞുള്ള യാത്രയിൽ കട്ടൻചായ ഒരനുഭവം തന്നെയാണ്

ചേട്ടായി .... ഏതൊക്കെയുണ്ട് വിശേഷങ്ങൾ , എല്ലാവര്ക്കും ഓരോ കട്ടൻചായ പോരട്ടെ , ഇന്ന് എന്തുട്ടാ സ്പെഷ്യൽ

എല്ലാം ഒറ്റവാക്കിൽ ചോദിച്ചു ഫിൻറ്റോ വേഗം ബഞ്ചിൽ കുത്തിയിരുന്നു.

ഇതിപ്പോ എന്തുട്ടാടാ  ചോദിക്കാൻ , ആവശ്യമുള്ളത് എടുത്തു തട്ടിക്കൊ ....... ഗോപാലേട്ടൻ മഴയിൽനിന്നും രക്ഷപെടാൻ ടാർപ്പാളിൻ വലിച്ചുകെട്ടുന്നതിനിടയിൽ പറഞ്ഞു

പഴംപൊരിയും കട്ടൻചായയും ...അതെല്ലാവര്കും ഒരു വീക്നസ് ആയിരുന്നു .
നല്ല മഴ അല്ലെ ? നിങ്ങളെല്ലാവരും കൂടി ഇതെങ്ങോട്ടാ ...?

ഓഒ ... ഇന്നും അതിരമ്പിള്ളി തന്നെ ....

ശക്തമായ കാറ്റോടുകൂടി മഴ തകർത്തു പെയ്യുകയാണ്

ഇ മഴയത്തു നിങ്ങൾക്കു അവിടെ പോകണോ ? റോഡിലൊക്കെ നിറയെ കല്ലും കട്ടയുമാണ്...

അതൊന്നും സാരമില്ല ചേട്ടാ , ഇതൊക്കെ ഒരു രസമല്ലേ ....

ചേട്ടാ .ചേട്ടാ ......പത്തുരൂപ .....

മലയാളമറിയാത്ത ആരോ വിളിക്കുന്നതുകേട്ടു ഞാൻ തിരിഞ്ഞു നോക്കി

" കൈയിൽ കുറെ പാവകളുമായി ഒരു നാടോടി സ്ത്രീ . കൂടെ ഒരു കുട്ടിയും .."

മുഷിഞ്ഞു നാറിയ സാരിയുമൊതുക്കിപിടിച്ചു  അവൾ ആ പാവകൾ എന്റെ നേരെ നീട്ടി...

പട്ടിണിയും പരാതികളും ഒത്തിരിയുണ്ടെങ്കിലും അവൾ അതൊന്നും മുഖത്തുകാണിക്കാതെ ഞങ്ങളെ എല്ലാവരെയും നോക്കി . എന്തെങ്കിലുമൊക്കെ വാങ്ങി ഞങ്ങളവളെ സഹായിക്കുമെന്നവൾ കരുതി .

ഷിർട്ടിൽ പിടിച്ചുവലിച്ചു ആ കൊച്ചുകുട്ടി എന്നോട് പറഞ്ഞു ....ചേട്ടാ പത്തുരൂപ ......

" ചാടിയോടികളിക്കേണ്ട ഇ പ്രായത്തിൽ , സ്കൂളിൽ പഠിക്കണ്ട ഇ സമയത്തു അവൾ ജീവിക്കാനായി ഞങ്ങളുടെ മുൻപിൽ കൈ നീട്ടുകയാണ് .
ജീവിതത്തെക്കുറിച്ചു ഏറെക്കുറെ ചിന്തിച്ചിട്ടുള്ള ഭാവമാറ്റങ്ങളൊന്നും അവൾക്കില്ല .....ചെറിയ ചിരിയോടെ ഓടിക്കളിച്ചു അങ്ങോട്ടുമിങ്ങോട്ടും ഓടിനടന്നു എല്ലാവർക്കുമിടയിൽ അവൾ പാവകളെ നീട്ടി ....
അലങ്കോലമായി വെട്ടിമുറിച്ച മുടികൾക്കിടയിലൂടെ കാണുന്ന അവളുടെ വികൃതമായ 
മുഖം എല്ലാവരെയും വേദനിപ്പിച്ചു ...."

എന്തുപറയണം , എന്തുചെയ്യണമെന്ന് അങ്കലാപ്പോടെ നില്കുമ്പോളേക്കും
ഗോപാലേട്ടൻ ഒരു പഴംപൊരി അവൾക്കുനേരെ നീട്ടി

ഇവർ ഇവിടെ വന്നിട്ടു കുറച്ചു നാളുകളെ ആയിട്ടുള്ളു , ദാ അവിടെയാണ് കിടക്കുന്നത് , പാവങ്ങളാണ് .......
കച്ചവടം കൂടുതൽ കിട്ടാൻ ആ കുട്ടിയുടെ അച്ഛൻതന്നെയാണ് അതിന്റെ മുഖം വികൃതമാക്കിയത് . അയാൾക്കിതു എങ്ങിനെ തോന്നിയതാവോ ....

മനസ്സിനുള്ളിലെ വിഷമം പുറത്തുകാണിക്കാതെ ഗോപാലേട്ടൻ അവളുടെ നെറുകയിൽതലോടികൊണ്ടു പറഞ്ഞു .


""""ജീവിക്കുന്നത് നാനാഭാഷകളുള്ള ഇന്ത്യയിൽ ആണെങ്കിലും വയറുനിറക്കാനുള്ള ഭാഷ എന്താണെങ്കിലും അവർ പഠിച്ചിരിക്കും """

ഞങ്ങളെല്ലാവരും ഒന്നും മിണ്ടാതെ നിന്നു. 

ഇ ഭൂമിയിലുള്ള എല്ലാവരും ഒന്നുപോലെയാണ് , എന്നിട്ടും എന്തെ ഈശ്വരൻ പലരെയും പലതരത്തിൽ ജീവിക്കാൻ വിട്ടുകളയുന്നത് . 
ചിലർ തിന്നും കുടിച്ചും മരിച്ചുകൊണ്ടു ജീവിക്കുമ്പോൾ മറ്റുചിലർ ജീവിക്കാൻ വേണ്ടി മരിക്കുന്നു .
ഉണ്ണാനും ഉടുക്കാനും വേണ്ടി ചിലർ എല്ലുമുറിയെ പണിയെടുക്കുമ്പോൾ , ജന്മം കൊണ്ടും മാതാപിതാക്കളുടെ സമ്പാദ്യം കൊണ്ടും ദേഹമനങ്ങാതെ ജീവിച്ചുമരിക്കുന്നവർ എത്രയോപേരുണ്ട്

ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും പേരിൽ മനുഷ്യനെ വേർതിരിച്ചു ഈശ്വരൻ സൃഷ്ടിച്ചിട്ടില്ല എങ്കിലും ഇവയുടെയെല്ലാം പേരിൽ ജീവിക്കാനുള്ള ആഗ്രഹം പോലും നഷ്ട്ടമായവർ എത്രപേരാണ് 

സ്വർഗ്ഗവും നരകവും ഇ ഭൂമിയിൽത്തന്നെയാണ്.......
ഇവിടെ സ്വർഗം മാത്രം കണ്ടു ജീവിച്ചുമരിച്ചവരുണ്ട് , നരകത്തിൽ മാത്രം വേദനിച്ചു മരിച്ചവരുമുണ്ട് ................

കാതടിച്ചുപോകുന്ന ഇടിവെട്ട് ശബ്‌ദം എല്ലാവരെയും ആലോചനകളിൽ നിന്നും ഉണർത്തി .
കൂടുതലായൊന്നും ആലോചിക്കാതെ നിക്ടോം തൻ്റെ പോക്കറ്റില്നിന്നും കുറച്ചു നോട്ടുകളെടുത്തു ,ഞങ്ങളെല്ലാവരും പോക്കറ്റിൽ നിന്നും അഞ്ചും പത്തുമായി എടുക്കാൻ തുടങ്ങി , അധികമൊന്നും ഇല്ലെങ്കിലും ഉള്ളത് എല്ലാംകൂടി അവൻ  അവൾക്കുനേരെ നീട്ടി 
അതെത്രയാണെന്നോ എന്താണൊന്നൊ നോക്കാതെ അവളത്തുവാങ്ങി അമ്മക്കുനേരെ നീട്ടി , പാവയെടുത്തു ഞങ്ങളുടെ നേരെയും .

ഞങ്ങളാരും അത് വാങ്ങിയില്ല , ചിരിച്ചുകൊണ്ടെല്ലാവരും അവളുടെ ശിരശ്ശിൽതലോടി.

ബൈക്കിൽ കയറി യാത്രതിരിക്കുബോൾ ആ സ്ത്രീ ഞങ്ങൾക്ക് നേരെ കൈകൂപ്പി 

എല്ലാവരും യാത്രതുടർന്നെങ്കിലും ആരും ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല . ചാലക്കുടയിൽ നിന്നും അതിരമ്പിള്ളിയിലേക്കു തിരിയുന്ന വഴിയിൽത്തന്നെ ഹർത്താൽ അനുകൂലികൾ നിലയുറപ്പിച്ചിരുന്നു .
എങ്ങോട്ടാ എല്ലാവരും കൂടെ .......വേഗം തിരിച്ചുപോടാ................
അലറിക്കൊണ്ടവർ ഞങളുടെ നേരെ അടുത്തു .

ഞങ്ങളാരും എതിർക്കാൻ നില്കാതെ തിരിച്ചുപോരാൻ ഒരുങ്ങി .
ആ യാത്ര ഇനി തുടരേണ്ടെന്നു എല്ലാവരും കരുതിയതുപോലെ ആയിരുന്നു അത് .



കോരിച്ചൊരിയുന്ന മഴയും നനഞ്ഞു ഞങ്ങൾ ചാലക്കുടി സിഗ്നലും കാത്തുനില്കുമ്പോൾ അവൾ വീണ്ടും അതിലെ നടന്നുനീങ്ങുന്നുണ്ടായിരുന്നു .

ഞങ്ങളെ കണ്ടതും അവൾ ഒന്ന് നിന്നു ...

ആയിരം നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നപോലെ ഒരു പാൽപുഞ്ചിരിയും സമ്മാനിച്ചുകൊണ്ടവൾ വീണ്ടും ആപാവകൾ ഞങ്ങൾക്ക് നേരെ നീട്ടി ........