Saturday, July 20, 2019

പച്ചക്കല്ലുള്ള മൂക്കുത്തി ..



മണികണ്ഠൻ പൂച്ചക്കൊരു ആഗ്രഹം , തന്റെ കിങ്ങിണിപൂച്ചക്കൊരു മൂക്കുത്തി വാങ്ങണം ...

പതിവുപോലെയുള്ള മീൻപിടുത്തവും കഴിഞ്ഞു അവൻ ചന്തയിലേക്ക് പോയി. തന്റെ വീട്ടിലെ ആവശ്യത്തിന് ഉള്ളത് മാറ്റിവച്ചിട്ടു ബാക്കിമുഴുവൻ ചന്തയിൽ വിൽക്കുകയാണ് പതിവ്

ഏറെ കുറെനാളായിട്ടുള്ള ആഗ്രഹമാണ് കിങ്ങിണിപൂച്ചക്കൊരു മൂക്കുത്തി .

ഇടക്കിടക്കു ചന്തയിൽനിന്നും കിട്ടുന്ന പൈസമാറ്റിവച്ചത് കൈയിലുണ്ട്. എന്തായാലും ഇന്നത് വാങ്ങിയിട്ടുതന്നെ .

മനസ്സിൽ വല്ലാത്ത ആഗ്രഹവുമായി മണികണ്ഠൻ തിടുക്കത്തിൽ നടന്നു.

ആദ്യത്തെ കടയിൽത്തന്നെ കയറി , കുറെയൊക്കെ വാരിവലിച്ചിടാനൊന്നും നിന്നില്ല .ഒന്നുരണ്ടെണ്ണം നോക്കിയിട്ടു അതിൽനിന്നൊരു പച്ചക്കല്ലുള്ള മൂക്കുത്തി എടുത്തു

മൂക്കുത്തിയുടെ ഭംഗി അവനെ വല്ലാതെ ആകർഷിച്ചു .
മൂക്കുത്തിയിട്ടു നിൽക്കുന്ന കിങ്ങിണിപൂച്ചയേയും,  തങ്ങളൊരുമിച്ചു നടക്കുമ്പോൾ   മൂക്കുത്തിയുള്ള ആ പാതിമുഖത്തേക്കു താനിടക്കിടക്ക്  നോക്കുന്നതും അവൻ മനസ്സിൽ ഓർത്തു

എന്ത് ഭംഗിയായിരിക്കും അവൾക്ക്..

ഭക്ഷണമെല്ലാം കഴിഞ്ഞു പതിവായിട്ടുള്ള കൊച്ചുവാർത്തമാനത്തിനിടയിൽ അവൻ മൂക്കുത്തി അവളുടെ നേരെ നീട്ടി

എന്തായിത് ? അവൾ ആകാംഷയോടെ ചോദിച്ചു

ഒരു മൂക്കുത്തി ..

മൂകുത്തിയോ ആർക്കായിതു..... അതിശയത്തോടെ അവൾ മണികണ്ഠന്റെ മുഖത്തേക്കു നോക്കി

ഇതു നിനക്ക് നന്നായിരിക്കും , എന്ത് ഭംഗിയാണിത്
ഇതിന്റെ പച്ചക്കല്ലിനു എന്താ തിളക്കം
ഇതിട്ടാൽ നിനക്ക് നല്ല ചന്തമായിരിക്കും

മണികണ്ഠന്റെ പഞ്ചാരവാക്കുകളൊന്നും അവൾ കേട്ടില്ല

ആയേ ,,,എനിക്ക് വേണ്ട ...ഞാൻ മൂക്കു കുത്തുകയില്ല
എനിക്കതിഷ്ടമല്ല ...ആളുകൾ കണ്ടാൽ എന്ത് പറയും
എല്ലാവരും എന്നെ കളിയാകില്ലേ ....എനിക്ക് വേണ്ട

കിങ്ങിൻപൂച്ച ചമ്മലോടെ പറഞ്ഞു .

 കാലങ്ങൾ പലതും കഴിഞ്ഞു , കിങ്ങിണി പൂച്ച മൂക്കു കുത്തിയില്ല എന്നാലും മണികണ്ഠൻ എന്നും ആ ആഗ്രഹം പറയുമായിരുന്നു

എവിടെയെങ്കിലും ദൂരെ ഒകെപോയിവരുമ്പോൾ അവൻ നല്ലൊരു മൂക്കുത്തിയും വാങ്ങി വരുമായിരുന്നു

അങ്ങിനെ  മൂക്കുത്തികൾ പലതും  കിങ്ങിണിപൂച്ചക്കു സ്വന്തമായി .


 ഒരുദിവസം  മീൻപിടിക്കാൻ ദൂരേക്കു പോയ മണികണ്ഠൻ  വൈകുന്നേരമായിട്ടും തിരിച്ചുവന്നില്ല . കിങ്ങിണിപ്പൂച്ച നേരം വെളുക്കുന്നവരെ ഉറങ്ങാതെ കാത്തിരുന്നു

നേരം വെളുത്തിട്ടും അവൻ വന്നില്ല .അവൾക്കു കരച്ചിൽ വരാൻ തുടങ്ങി

നാളുകൾ പലതും കഴിഞ്ഞു , അവൻ മടങ്ങി വന്നില്ല
ആളുകൾ പലതും പറയാൻ തുടങ്ങി
ഓരോദിവസം ചെല്ലുംതോറും അവൾക്കു സങ്കടം കൂടിവന്നു
ആളുകൾക്കിടയിലെ വർത്തമാനം പലരീതിയിലും മാറിമാറി വന്നു
അവളുടെ മനസും ശരീരവും തളരാൻ തുടങ്ങി .

പതിയെപ്പതിയെ അവൾ വീടിനുള്ളിൽ ഒതിങ്ങിക്കൂടാൻ തുടങ്ങി
ആരോടും മിണ്ടാതെ അവൾ തന്റെ കിടക്കയിൽ പ്രാർത്ഥനയും മറ്റുമായി തന്നെ ഒതുങ്ങിക്കൂടി

അങ്ങിനെയിരിക്കെ ഒരുദിവസം അവൾ നേരത്തെ എണീറ്റു . കുളിയെല്ലാം കഴിഞ്ഞു അവൾ പള്ളിയിൽ പോയി വന്നു . എന്തെന്നില്ലാത്തപോലെ അവളിൽ ഉന്മേഷം കണ്ടു .

നാളെ അവളുടെ പിറന്നാളാണ് , കൈ നിറയെ സമ്മാനങ്ങളുമായി മണികണ്ഠൻ വരുന്നതവൾ സ്വപ്നം കണ്ടിരുന്നു . തിരിച്ചു മണികണ്ഠനു വളരെ സന്തോഷമുണ്ടാകുന്ന സമ്മാനം നല്കാൻ അവൾ തീരുമാനിച്ചു

എല്ലാ പണികളും കഴിഞ്ഞു അവൾ പുറത്തിറങ്ങി . മൂക്കുകുത്തി പച്ചക്കല്ലുള്ള മൂക്കുത്തിയും ധരിച്ചുകൊണ്ടാണവൾ വന്നത്

  അന്ന് വൈകുനേരം അവൾ സന്തോഷമായി കിടന്നുറങ്ങി . നാളെ തന്റെ മണികണ്ഠനെ കൺനിറയെ കാണാൻ അവൾ കൊതിച്ചു

അവളുടെ സ്വപ്നം പോലെ പിറ്റേന്നു മണികണ്ഠൻ വന്നു .
മുറ്റം നിറയെ ആളുകളെ കണ്ടെങ്കിലും  മണികണ്ഠൻ അസാധാരണമായി ഒന്നും കണ്ടില്ല . തന്റെ വരവ് ഇവരികെ അറിഞ്ഞിട്ടുണ്ടാവും അങ്ങിനെ അവൻ കരുതി .

മീപിടിക്കാൻ പോയപ്പോ വഴിതെറ്റിപോയതും കവർച്ചകാരുടെ ഇടയിൽപെട്ടതും കുറച്ചുനാൾ ഹോപിറ്റലിൽ കിടന്നതും അങ്ങിനെ കിങ്ങിണിയോടുപറയാൻ ഒത്തിരിവിശേഷങ്ങളുണ്ടായിരുന്നു മണികണ്ഠനു

വീടിനകത്തേക്ക് കയറുംതോറും ആളുകളുടെ മുഖത്തെ സങ്കടം അവൻതിരിച്ചറിഞ്ഞു . അവന്റെ മുഖത്തെ സന്തോഷം പതിയെ മാറാൻ തുടങ്ങി .

കട്ടിലിൽ മരിച്ചുകിടക്കുന്ന കിങ്ങിണിയെ കണ്ടപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു . വാവിട്ടുകരയാൻ അവനായില്ല .തന്റെ ശരീരത്തിലെ ശക്തിമുഴുവനും ചോർന്നുപോകുന്മ്പോളും അവൻ വീഴാതെ അവളുടെ അരികിൽ ചേർന്നിരുന്നു .നെഞ്ചുപൊട്ടുന്ന വേദനയിലും അവൻ എന്നെന്നേക്കുമായി പുഞ്ചിരിച്ചുറങ്ങുന്ന അവളുടെ തണുത്തുമരവിച്ച ആ മുഖത്തു തലോടി


തലക്കുമുകളിലെ മെഴുകുതിരിവെളിച്ചം തട്ടി അവളുടെ പച്ചമൂക്കുത്തി വല്ലാതെ തിളങ്ങി . ആ തിളക്കം അവന്റെ കണ്ണുകളിൽ തട്ടിയെങ്കിലും കണ്ണുനീർത്തുള്ളികൾ അവയുടെ ഭംഗി ഇല്ലാതാക്കി

എല്ലാവേദനയും ഉള്ളിലൊതുക്കി ഏകനായിപോയ അവൻ അവളുടെ മുഖത്തേക്കു കണ്ണെടുക്കാതെ നോക്കിനിന്നു .അപ്പോളും അവൻ തന്റെ കൈകളിൽ പുതിയതായി വാങ്ങിയ പച്ചക്കല്ലുള്ള മൂക്കുത്തി മുറുകെ പിടിച്ചിരിക്കുകയായിരുന്നു ....

പച്ചക്കല്ലുള്ള മൂക്കുത്തി ..

അവന്റെ ജീവന്റെ ജീവനായവൾക്കു നൽകാനുള്ള പച്ചക്കല്ലുള്ള മൂക്കുത്തി...










Tuesday, July 9, 2019

കൈപ്പുണ്യം





ഇതെന്താ ഇന്നു പതിവില്ലാതെ ഇങ്ങോട്ടു വന്നത്... സാധാരണ ഇവിടെ വന്നു കഴിക്കാറില്ലലോ ...  ?

അസാധാരണമായി പൊതിച്ചോറുമായി സ്റ്റാഫ്‌റൂമിലേക്കു വരുന്ന മണവാളനെ നോക്കി  ശാരദ ടീച്ചർ  ചോദിച്ചു

പ്രതേകിച്ചു ഒന്നുമില്ല  , ഇന്ന് ഇവിടെ വന്നു കഴിക്കാമെന്നു കരുതി.പിന്നെ നിങ്ങളോടൊക്കെ എന്തെങ്കിലുമൊക്കെ സംസാരിച്ചിരുന്നു കഴിക്കാലോ ... എന്നും ഇ ഹോട്ടൽ ഭക്ഷണം മടുത്തു ......... ചെറിയ നാണത്തോടെയുള്ള മണവാളന്റെ സംസാരം കേട്ട് ശാരദ ടീച്ചർ അന്ധാളിച്ചുപോയി

ഇതിനു മുൻപൊന്നും ഇങ്ങിനെ കണ്ടിട്ടില്ല . അധികമാരോടും സംസാരിക്കാത്ത , വളരെ ഗൗരവക്കാരനായ ,ആരെയും നോക്കിച്ചിരിക്കുകപോലും ചെയാത്തയാളാണ് മണവാളൻ .
പഠിപ്പിക്കുന്ന കുട്ടികളോടുപോലും ചിരിച്ചുസംസാരിക്കാറില്ലത്രേ

ക്ലാസ്സിൽ വരുക ,പഠിപ്പിക്കുക ,തിരിച്ചുപോകുക .....അതായിരുന്നു മണവാളന്റെ സ്ഥിരം പരിപാടികൾ

സഹാധ്യാപകരോടുപോലും അധികം സംസാരിക്കാറില്ല .


സ്റ്റാഫ്‌റൂമിലെ എല്ലാവരും മണവാളനെനോക്കി അന്ധംവിട്ടിരുന്നുപോയി .

എല്ലാവരും എന്തെ കഴിക്കാതിരിക്കുന്നെ ...? മണവാളന്റെ ചോദ്യം കേട്ട് അവരെല്ലാം  പരസ്പരം നോക്കി

ഇ സ്കൂളിൽ വരുന്നതിനു മുൻപ് മണവാളൻ നല്ല ചുറുചുറുക്കുള്ള ചെറുപ്പകാരനായിരുന്ന് കേട്ടിട്ടുണ്ട്. അമ്മയുടെ മരണത്തിനുശേഷമാണെത്രെ ഇങ്ങിനെയൊക്കെ ആയതു.വീട്ടിലെ ഏകാന്തത അയാളുടെ മനസിനെ താളംതെറ്റിച്ചിരുന്നു .


രണ്ടാഴ്ചമുൻപായിരുന്നു അയാളുടെ വിവാഹം . അതിനുശേഷമാണ് മണവാളനിൽ മാറ്റമുണ്ടാവാൻ തുടങ്ങിയത് . ഭാര്യയുടെ സമീപനവും പെരുമാറ്റരീതികളും അവനെ വല്ലാതെ ആകർഷിച്ചിരുന്നു .

നല്ല കൈപുണ്യമുള്ളവളാണ് അയാളുടെ ഭാര്യ


ഇന്നലെ വൈകീട്ട് വീട്ടിൽചെന്നപ്പോ നല്ല ചിക്കൻകറി വക്കുന്ന മണം . സഹിക്കാനായില്ല ... കഴിക്കുന്ന സമയം വരെ എങ്ങിനെയാ കഴിച്ചുകൂട്ടിയതെന്നു എനിക്കറിയില്ല ...... അതിനിടയിൽ പലപ്രാവശ്യം ഒന്നുരണ്ടു കഷ്ണങ്ങളെടുത്തു രുചി നോക്കി .....മണവാളൻ ചെറുപുഞ്ചിരിയോടെ പറഞ്ഞു

വളരെ ഉത്സാഹത്തോടെ അയാൾ വീണ്ടും പറയാൻ തുടങ്ങി ....  കഴിഞ്ഞ ദിവസം മോരുകറി വച്ചു...... ഹോ ..... എന്തൊരു രസമായിരുന്നെന്നോ...ഒന്നുരണ്ടു ദിവസം ഞാനതു കൂട്ടിചോറുണ്ടു ..

മോരുകറിയും തോരനും തുടങ്ങിയങ്ങനെ പലതരത്തിലുള്ള കറികളുടെ വിശേഷങ്ങൾ  പറയുമ്പോൾ എന്തെന്നില്ലാത്ത ഒരു വികാരപ്രേകടനകൾ അയാളുടെ മുഖത്തു ശാരദടീച്ചർ ശ്രെദ്ധിച്ചു

ഭാര്യയുടെ പരിചരണവും സ്നേഹവും അയാളിൽ വല്ലാത്ത മാറ്റമുണ്ടാക്കിയിരിക്കുന്നു


ഇന്ന് സ്പെഷ്യൽ സാംബാർ ആണ് ....
എല്ലാവര്ക്കും ഉണ്ടാവില്ല .എന്നാലും ഒന്ന് രുചിനോകാം ...
എന്തെന്നില്ലാത്ത സന്തോഷത്തോടെ അയാൾ പറഞ്ഞു

തന്റെ ചോറ്റുപാത്രം തുറക്കുമ്പോൾ അയാളുടെ കണ്ണുകളിൽ ആകാംഷ കാണാമായിരുന്നു ,മുഖത്തൊരു  വല്ലാത്തയൊരു പ്രകാശം നിറഞ്ഞുനിന്നു

അവിടെയെങ്ങും പരന്നുതുടങ്ങിയ സാമ്പാറിന്റെ മണം
ശാരദടീച്ചറേയും  മറ്റു സ്റ്റാഫുകളെയും  അയാളുടെ ചോറ്റുപാത്രത്തിലേക്കു എത്തിനോക്കി പ്രേരിപ്പിച്ചു .


























Monday, July 1, 2019

പ്രണയിനിക്കൊരു കത്ത്.....




എന്നെങ്കിലുമൊരിക്കൽ ഇങ്ങിനെയൊരു കത്തെഴുതേണ്ടി വരുമെന്നു എനിക്കറിയാമായിരുന്നു

പ്രണയിക്കാൻ എന്നെ പഠിപ്പിച്ച നിനക്ക് ഇതൊരു പ്രണയലേഖനമല്ല , പരാതികളോ പരിഭവമോ അല്ല . മറിച്ചിതെന്റെ ഹൃദയസ്പന്ദനങ്ങളാണ്..

ഒരിക്കലും നേരിട്ട് നിന്നോടെനിക്ക്‌ പറയാൻ കഴിയില്ല എന്നറിയാമായിരുന്നിട്ടും പറയാനാഗ്രഹിച്ച ഒത്തിരി കാര്യങ്ങൾ .....

ഒരു നിമിഷംകൊണ്ട് ഡിലീറ്റ് ആകുന്ന മെസ്സേജുകളോ കോളുകളോ ചെയ്യാതെ ഇങ്ങിനെ ഒരു കത്തെഴുതുന്നതെന്ന് എന്തിനാണെന്ന്  നിനക്ക് തോന്നുന്നുണ്ടാവാം.  ഒരിക്കലെങ്കിലും എന്നെകുറിച്ചു നിനക്കോർമ്മവരുമ്പോൾ , ഇ കത്ത് നീ വായിക്കുമ്പോൾ , എന്റെ ഓർമകളും ശബ്ദവും നിനക്കുമുന്പിൽ ഉണ്ടാകാൻ വേണ്ടിമാത്രമാണിത്

ഒരിക്കലും മാഞ്ഞുപോകാതിരിക്കാൻ....

ഒരർഹതയുമില്ലാഞ്ഞിട്ടും ഇങ്ങിനെ ഒരെഴുത്തെഴുതാൻ ഞാനിപ്പോ നിർബന്ധിതനാണ്

നീ ഇതു വായിക്കുമ്പോൾ ചിലപ്പോ ഞാൻ ഓർമ്മകൾ മാത്രമായിരിക്കും 
ഒരിക്കൽ നേരിട്ട് കണ്ടു എല്ലാം തുറന്നു പറഞ്ഞു മാപ്പുചോദിക്കണം എന്നുകരുതിയതാണെങ്കിലും അതിനൊവസരം ഇനി ഉണ്ടാകുമെന്നു തോന്നുന്നില്ല 

ജെരമ്പുകളിൽ മരണത്തിൻറെ വേദന വല്ലാതെ തകർത്താടുകയാണ് 
അവസാന താണ്ഡവ നൃത്തം


ആദ്യമായി കണ്ടനാൾ ഞാനൊരിക്കലും ഓർത്തിരുന്നില്ല  . പലപ്പോളും കണ്ടിരുന്നെങ്കിലും എന്റെ മിഴികളിൽ നിനക്കിടം ഞാൻ കൊടുക്കാറില്ല
അന്ന് മറ്റുള്ളവർക്കിടയില്ലെല്ലാം ഒരു താരമായിരുന്ന നീ ഒരിക്കലും എന്നെ സ്നേഹിക്കുമെന്നു ഞാൻ കരുതിയിരുന്നില്ല .കരുത്തുമെലിഞ്ഞ തീരെ ഭംഗിയില്ലാതിരുന്ന ഞാൻ നിന്റെ മനസിലിടം പിടിക്കുമെന്നു എങ്ങിനെ മനസ്സിലാക്കാനാണ് .
കുറച്ചു അപകർഷതാ ബോധം എനിക്കുണ്ടായിരുന്നെന്നതു സത്യം തന്നെയാണ്

കരിമഷിയെഴുതിയ നിന്റെ കണ്ണുകൾ , വിടർന്ന നെറ്റി , അല്പം നീളമുള്ള മൂക്കും അരയറ്റം വരെയുള്ള മുടിയിഴകളും ,നിന്റെ പുഞ്ചിരി ....... പളുങ്കുമണികിലുക്കം പോലെയുള്ള നിന്റെ വർത്തമാനങ്ങൾ ......പാതി ചരിഞ്ഞുള്ള നോട്ടം .... എല്ലാം ഇന്നെന്റെമനസിൽ നിറഞ്ഞു നില്കുന്നു .

അന്ന് അതൊന്നും ഞാൻ കണ്ടിരുന്നില്ല. നിനോടുത്തുള്ള ആ സുന്ദരനിമിഷങ്ങളിൽ , നിന്റെ സന്തോഷങ്ങളിൽ  എല്ലാവരും പങ്കുചേർന്നപ്പോ ഞാൻ മാത്രം മാറിനിൽകുകയായിരുന്നു .

"എന്നെ പ്രണയിക്കാൻ പഠിപ്പിച്ചത് നീയാണ് , എല്ലാവരെയും സ്നേഹിക്കാൻ പഠിപ്പിച്ചതും നീയാണ്. എല്ലാവരെയും നോക്കി പുഞ്ചിരിക്കാനും എല്ലാവരോടും നന്നായി സംസാരിക്കാനും എനിക്കായതു നിന്റെ പ്രേരണയാണ് . നമ്മളൊന്നിച്ചിരുന്നപ്പോൾ മഴയോ വെയിലോ ഞാനറിഞ്ഞിരുന്നില്ല . മാസങ്ങളും വർഷങ്ങളും മണിക്കൂറുകൾ പോലെയാണ് കടന്നുപോയത്..."


ഞാൻ വരുന്നതും കാത്തു നീ നിന്നിരുന്ന ദിവസങ്ങൾ ഞാനറിഞ്ഞിരുന്നില്ല , നിന്റെ കണ്ണുകളിലെ തിളക്കവും എന്നോടുള്ള പ്രണയവും ഞാനറിയാതെ പോയതെന്താണ് ?  നിനോടൊരുവാക്കുപോലും മധുരമായി സംസാരിക്കാതെ ഞാൻ കടന്നുപോകുമ്പോൾ നിന്റെ കണ്ണുകൾ നനഞ്ഞിരുന്നത് എന്തെ ഞാനറിഞ്ഞില്ല ?

എന്റെ നോട്ടവും സംസാരവും അടുത്തിടപഴകിയുള്ള പെരുമാറ്റവും നിന്നെ എത്രമാത്രം ഊർജ്ജമുള്ളവളാക്കി എന്നതും ഞാനറിയാതെ പോയി

എല്ലാമറിഞ്ഞു ഞാൻ വന്നപ്പോളേക്കും വളരെ വൈകിപ്പോയിരുന്നു അല്ലെ ?

മുറിവേറ്റ മനസുമായി നീ നടന്നുപോയപ്പോൾ , അന്നെന്റെ പ്രണയം ഞാൻ തിരിച്ചറിയുകയായിരുന്നു

 "നിന്നോടുള്ള പ്രണയം   എനിക്കെന്റെ  ജീവിതമാണ് .
ഞാൻ  നിന്നെ  എത്രമാത്രം  സ്നേഹിക്കുന്നു  എന്നും  , നീയെന്റെ  ജീവൻ  ആണെന്നും .....പിന്നെ......
 ഇതൊക്കെ എങ്ങിനെ  നിനോടാണ്  പറയണമെന്നെനിക്കറിയില്ല .  പക്ഷെ  ഞാനെന്റെ  ജീവിതം  കൊണ്ട്  കാണിച്ചുതരാം ...... നിന്നെ  ഞാൻ  എത്രമാത്രം  സ്നേഹിച്ചിരുന്നു  എന്ന് "

നിന്റെ ഇ വാക്കുകൾ ഇന്നും എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്

ഇനി ......ഇനി എല്ലാം ഓർമകളായി മാത്രം മാറട്ടെ ......
ജീവിതം നൽകിയ പാഠങ്ങളും ശരീരം ഏറ്റുവാങ്ങിയ ശാപങ്ങളും എല്ലാം ഞാനിപ്പോ തിരിച്ചറിയുന്നു

എന്നെ നീ ഒരിക്കലും മറക്കില്ലെന്നറിയാം

ഞാനെന്നും നിനെക്കുറിച്ചോർക്കാറുണ്ട് , ദിവസത്തിലൊരിക്കലെങ്കിലും നിന്റെ പെരുവിളിക്കാറുണ്ട് 
നമ്മുടെ നല്ല നാളുകൾ എന്നും എന്റെ ഉറക്കത്തിനുമുന്പുള്ള ഒഴിവാക്കാനാവാത്തവ ആയിരുന്നു 


എല്ലാം കഴിഞ്ഞു ......ഇനി.... എത്ര നാളുകൾ 
ശരീരം കാർന്നുതിന്നുന്ന വേദനകൾ ഇപ്പോൾ മരവിപ്പ് മാത്രമായി കഴിഞ്ഞിരിക്കുന്നു

ചികിത്സയുടെ അവസാന ദിവസമാണിന്ന് , ഇ ഹോസ്പിറ്റലിൽ നിന്നുപടിയിറങ്ങുമ്പോൾ ഇനിയൊരു തിരിച്ചുവരവ് വേണ്ട എന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം . ബാക്കിയുള്ള നാളുകൾ സന്തോഷമായിരിക്കട്ടെ എന്ന്  മനസ്സിൽ തട്ടാത്തൊരു ആശംസയും 

ഞാനൊരിക്കലും ജീവിതം ആസ്വദിച്ചിട്ടില്ല , ആരുടെ സന്തോഷത്തിലും പങ്കുചേർന്നിട്ടുമില്ല , പുഞ്ചിരിച്ചുകൊണ്ടിരിക്കാൻ എനിക്കറിയില്ലായിരുന്നു 

ഇനി ....ഇവിടെ എന്റെ കൂടാരത്തിൽ വരുന്നവർക്കാർക്കും പുഞ്ചിരിക്കാനും കഴിയുകയില്ല

വളരെ വൈകിയാണെങ്കിലും ഞാനറിഞ്ഞ പ്രണയം എന്റെ ജീവിതം കൊണ്ട് നിന്നെ കാണിച്ചുതരാൻ എനിക്കായില്ല 


ഞാനറിയാതെ പോയ നിന്റെ പ്രണയം ഒരു ചുവന്ന റോസാപ്പൂവായി എന്റെ കൂടാരത്തിൽ ഒരിക്കലെങ്കിലും വരുമെന്ന പ്രതീക്ഷയിൽ ഞാൻ
കാത്തിരിക്കുന്നു  

എന്നും എന്റെ പ്രണയിനിക്കായി ഞാൻ കാത്തിരിക്കുന്നു .....