Saturday, December 14, 2019

യാത്ര .......





ഇന്നൊരു യാത്ര പോയാലോ? , ഹർത്താലായതുകൊണ്ടു തിരക്കൊന്നും ഉണ്ടാവില്ല .എന്തായാലും നമുക്കെല്ലാവർക്കും മുടക്കവുമല്ലേ...

ഡീജോയുടെ ആകാംഷാനിറഞ്ഞ ചോദ്യംകേട്ട് ലിജോ ചാടിയിറങ്ങി

ഞാൻ റെഡി ... എങ്ങോട്ടു പോണം...

അതിരമ്പിള്ളി തന്നെയാണോ ?

ഇന്നു അങ്ങോട്ട് വേണ്ട ,  എത്രതവണയായി പോകുന്നു .ഇന്നുനമുക്കു തൃശ്ശൂർ പോകാം ...ഇടക്കുകയറി  ബിനു തന്റെയഭിപ്രായം പറഞ്ഞു .

എന്തുവാടേ ഇതു , തൃശൂർ പോയി എന്തുകാണാനാണ് .പോകണമെങ്കിൽ എന്തെങ്കിലും ഒരു ത്രില്ല് വേണ്ടേ ? 

ജാക്‌സാ , അങ്ങിനെ പറയല്ലേടാ , മോനെ ...തൃശൂർ നമ്മൾ കറങ്ങാത്ത സ്ഥലമില്ലലോ , അത് മറക്കരുത് ....എന്നാ പിന്നെ വിലങ്ങൻകുന്നു പോയാലോ ?


വിലങ്ങൻകുന്നൊക്കെ പോയതല്ലെ , നമുക്കു പുന്നത്തൂർ കോട്ട കാണാൻ പോകാം..കഴിഞ്ഞ ദിവസം ഞങ്ങളുടെ കമ്പ്യൂട്ടർ ക്ലാസ്സിലെ പിള്ളേരെ കൊണ്ടുപോയി . എല്ലാവര്ക്കും നല്ല അഭിപ്രായമാണ് കാണാൻ കുറെ ഉണ്ടെന്നാ പറഞ്ഞത് . .. നമുക്കും പോയാലോ ?... പറഞ്ഞു മുഴുവനാകുന്നതിനു മുൻപേ വിൻസ് ഫോണെടുത്തു സ്റ്റാഫിനെ വിളിച്ചു ഡീറ്റെയിൽസ് ചോദിക്കാൻ തുടങ്ങി


ഒരഭിപ്രായവും പറയാതെ ഞാനിതൊക്കെ കേട്ടിരുന്നു ....
ഞാനിങ്ങനെ ആണ് , അധികം ആരോടും കൂട്ടിനുപോകാറില്ല . അഭിപ്രായങ്ങളും ഇല്ല . ഇവർക്കിടയിൽ ഞാനൊരു വ്യത്യസ്തനാണ് . ഇവരെല്ലാവരും കാറ്റിൽ പറക്കുന്ന പട്ടങ്ങളാണ് . ഞാൻ പറന്നു തുടങ്ങിയിട്ടേ ഉള്ളു . ഇനിയും ഒത്തിരിദൂരം പിന്നിടാനുണ്ട്......


"ഇവർ ഇങ്ങിനെയാണ്‌ , ഒരു കൂട്ടം നല്ല ചെറുപ്പക്കാർ , പേരെടുത്തു പറയാനാവാത്ത വിധം ഒത്തിരിയുണ്ട് ഇവർ . എല്ലാദിവസവും വൈകുന്നേരങ്ങളിലും , ശനിയാച്ചകളിലും മറ്റും ഡോൺബോസ്കോയിൽ ഒത്തുകൂടുന്നവർ ,ഒത്തിരിയധികം പ്രേവര്തനങ്ങളിൽ ഉൾപെടുന്നവർ . ചെറുപ്പക്കാരുടെയും കുട്ടികളുടെയും മാനസികമായ വളർച്ചക്ക് മുൻതൂക്കം കൊടുക്കുന്നവർ .
കൂടെ കലയും കായികവും വളർത്താൻ മുകൈ എടുക്കുന്നവർ, ഇവർ ഒന്നുംരണ്ടുമല്ല എണ്ണിയെടുക്കാനാവാത്തവിധമുണ്ട് ഇരിഞാലകുടയിൽ .
ഇവിടെ ജാതിയും മതവും ഒന്നും ഇല്ല . എല്ലാവര്ക്കും തുല്യ പ്രാധാന്യമാണ്.  അങ്ങിനെ ഒത്തിരിയുണ്ട് ഇവരെക്കുറിച്ചു പറയാൻ ...

ഇവിടെ നിന്നാണ് ഞാനെന്റെ ജീവിതം തിരിച്ചുപിടിക്കുന്നത് .
ഒരിക്കൽ വിഷാദത്തിൽ മുങ്ങി മങ്ങിത്തുടങ്ങിയ  എന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശിയത് ഡോൺബോസ്കോയിലെ ഐക്കഫ് ആണ് ....

ഇ കൂട്ടുകാർക്കിടയിലെ പ്രവർത്തനങ്ങളാണ് എന്നെപ്പോലെയുള്ള ഒത്തിരിച്ചെറുപ്പകാർക് , ജീവിതത്തിലെ ഏതുസാഹചര്യങ്ങളെയും നേരിടാനുള്ള കഴിവ് നൽകിയത് . ഇന്നു ഇവരിൽ പലരും ലോകത്തിന്റെ നാനാഭാഗങ്ങളിൽ വളരെ സന്തോഷത്തോടെ ജീവിക്കുന്നു .

എന്താടാ നീ ഇത്ര ആലോചിക്കുന്നേ ? നമുക്കു പോയാലോ...
മടിതോന്നിക്കുന്ന എന്റെ മുഖം കണ്ടിട്ടാണെന്നു തോന്നുന്നു ഷിൻസ് എന്നോട് ചോദിച്ചത് , അനിയനാണെകിലും അവനെന്നെ അങ്ങിനെ ഒക്കെയാണ് വിളിക്കാറുള്ളത്
ഞങ്ങൾ ചേട്ടനനിയന്മാർ എല്ലാവരും നല്ല ഫ്രണ്ട്സിനെ പോലെ ആണ്

ഇനി ഇപ്പോ അതികം നേരം ആലോചിക്കാനൊന്നും ഇല്ല , എല്ലാവരെയും ഒന്ന് വിളിച്ചുനോക്കട്ടെ ....പറഞ്ഞുതീരുന്നതിനു മുൻപേ
ക്രിസ് വേഗം ഫോണെടുത്തു എല്ലാവരെയും വിളിക്കാൻ തുടങ്ങി.

പത്തുപതിനഞ്ചു മിനിറ്റുകൾക്കുള്ളിൽ എല്ലാവരും എത്തി , അങ്ങിനെ ഞങ്ങൾ യാത്ര തുടങ്ങി ...അവസാനം അതിരമ്പിള്ളി തന്നെ തിരഞ്ഞെടുത്തു .
ബൈക്കിലാണ് പോകുന്നതെങ്കിലും എല്ലാവരുംകൂടി പത്തിരുപതു പേരുണ്ട്..
കോട്ടുംസൂട്ടുമിട്ട് എല്ലാവരും ഇറങ്ങിയപ്പോളേക്കും ചാറ്റൽമഴ തുടങ്ങിയിരുന്നു

' ഇതൊരു രസമുള്ള യാത്രയാണ് , ഞാനധികമൊന്നും ഇവരുടെ കൂടെപോയിട്ടില്ല എങ്കിലും പോയ എല്ലായാത്രകളും എന്റെ മനസിനെ വല്ലാതെ സന്തോഷിപ്പിക്കുകയും എന്തെന്നില്ലാത്ത ഒരു പോസിറ്റീവ് എനർജി നൽകുകയും ചെയ്തിട്ടുണ്ട് .

ഒരിക്കൽ കണ്ടിട്ടുള്ള സ്ഥലം ആണെങ്കില്പോലും ഓരോയാത്രകളും എന്തെങ്കിലും പ്രതേകതയുണ്ടായിരിക്കും'

ഒരു പുതിയ അനുഭവം പ്രതീക്ഷിച്ചുകൊണ്ട് ഞാനും അവരുടെ കൂടെ യാത്രയായി......

യാത്ര കുറച്ചുദൂരം പിന്നിട്ടപ്പോളെക്കും മഴ വല്ലാതെ ശക്തമായി പെയ്യാൻ തുടങ്ങി . വഴിയിലെങ്ങും ആരും ഇല്ലായിരുന്നു .ഹർത്താൽ ആഘോഷിക്കൽ മലയാളികൾക്കിടയിൽ ഒരു ഹരമായിമാറിയിരുന്നു.

മഴയും കാറ്റും കൊണ്ട് എല്ലാവരും നനഞ്ഞു കുതിർന്നു വിറയ്ക്കാൻ തുടങ്ങി.


ചാലക്കുടി എത്രയായപ്പോളേക്കും  വഴിയിൽ പലയിടത്തും ടയറുകളും കല്ലുകളും കൂട്ടിയിരിക്കുന്നത് കണ്ടുതുടങ്ങി.
 സാധാരണയിൽ കവിഞ്ഞുള്ള കാഴ്ചകളിൽ എല്ലാവര്ക്കും എന്തോ പന്തികേട് തോന്നി. എങ്കിലും ഞങ്ങൾ യാത്ര തുടങ്ങി

ബോണിയുടെ ബുള്ളറ്റ് എപ്പോളും മുൻപിലാണ് , ചാലക്കുടി ടൗണിൽ എത്തിയപ്പോൾ അവൻ എല്ലാവര്ക്കും സിഗ്നൽ തന്നു .  പാലത്തിനു താഴെയുള്ള തട്ടുകടയാണ് ലക്‌ഷ്യം . ഇതൊരു സ്ഥിരം പരിപാടിയാണ് , ഇ വഴിക്കു എവിടെയത്രപോയാലും ഞങ്ങൾ ഇവിടെനിന്നൊരു കട്ടൻചായ പതിവാണ് .മഴ നനഞ്ഞുള്ള യാത്രയിൽ കട്ടൻചായ ഒരനുഭവം തന്നെയാണ്

ചേട്ടായി .... ഏതൊക്കെയുണ്ട് വിശേഷങ്ങൾ , എല്ലാവര്ക്കും ഓരോ കട്ടൻചായ പോരട്ടെ , ഇന്ന് എന്തുട്ടാ സ്പെഷ്യൽ

എല്ലാം ഒറ്റവാക്കിൽ ചോദിച്ചു ഫിൻറ്റോ വേഗം ബഞ്ചിൽ കുത്തിയിരുന്നു.

ഇതിപ്പോ എന്തുട്ടാടാ  ചോദിക്കാൻ , ആവശ്യമുള്ളത് എടുത്തു തട്ടിക്കൊ ....... ഗോപാലേട്ടൻ മഴയിൽനിന്നും രക്ഷപെടാൻ ടാർപ്പാളിൻ വലിച്ചുകെട്ടുന്നതിനിടയിൽ പറഞ്ഞു

പഴംപൊരിയും കട്ടൻചായയും ...അതെല്ലാവര്കും ഒരു വീക്നസ് ആയിരുന്നു .
നല്ല മഴ അല്ലെ ? നിങ്ങളെല്ലാവരും കൂടി ഇതെങ്ങോട്ടാ ...?

ഓഒ ... ഇന്നും അതിരമ്പിള്ളി തന്നെ ....

ശക്തമായ കാറ്റോടുകൂടി മഴ തകർത്തു പെയ്യുകയാണ്

ഇ മഴയത്തു നിങ്ങൾക്കു അവിടെ പോകണോ ? റോഡിലൊക്കെ നിറയെ കല്ലും കട്ടയുമാണ്...

അതൊന്നും സാരമില്ല ചേട്ടാ , ഇതൊക്കെ ഒരു രസമല്ലേ ....

ചേട്ടാ .ചേട്ടാ ......പത്തുരൂപ .....

മലയാളമറിയാത്ത ആരോ വിളിക്കുന്നതുകേട്ടു ഞാൻ തിരിഞ്ഞു നോക്കി

" കൈയിൽ കുറെ പാവകളുമായി ഒരു നാടോടി സ്ത്രീ . കൂടെ ഒരു കുട്ടിയും .."

മുഷിഞ്ഞു നാറിയ സാരിയുമൊതുക്കിപിടിച്ചു  അവൾ ആ പാവകൾ എന്റെ നേരെ നീട്ടി...

പട്ടിണിയും പരാതികളും ഒത്തിരിയുണ്ടെങ്കിലും അവൾ അതൊന്നും മുഖത്തുകാണിക്കാതെ ഞങ്ങളെ എല്ലാവരെയും നോക്കി . എന്തെങ്കിലുമൊക്കെ വാങ്ങി ഞങ്ങളവളെ സഹായിക്കുമെന്നവൾ കരുതി .

ഷിർട്ടിൽ പിടിച്ചുവലിച്ചു ആ കൊച്ചുകുട്ടി എന്നോട് പറഞ്ഞു ....ചേട്ടാ പത്തുരൂപ ......

" ചാടിയോടികളിക്കേണ്ട ഇ പ്രായത്തിൽ , സ്കൂളിൽ പഠിക്കണ്ട ഇ സമയത്തു അവൾ ജീവിക്കാനായി ഞങ്ങളുടെ മുൻപിൽ കൈ നീട്ടുകയാണ് .
ജീവിതത്തെക്കുറിച്ചു ഏറെക്കുറെ ചിന്തിച്ചിട്ടുള്ള ഭാവമാറ്റങ്ങളൊന്നും അവൾക്കില്ല .....ചെറിയ ചിരിയോടെ ഓടിക്കളിച്ചു അങ്ങോട്ടുമിങ്ങോട്ടും ഓടിനടന്നു എല്ലാവർക്കുമിടയിൽ അവൾ പാവകളെ നീട്ടി ....
അലങ്കോലമായി വെട്ടിമുറിച്ച മുടികൾക്കിടയിലൂടെ കാണുന്ന അവളുടെ വികൃതമായ 
മുഖം എല്ലാവരെയും വേദനിപ്പിച്ചു ...."

എന്തുപറയണം , എന്തുചെയ്യണമെന്ന് അങ്കലാപ്പോടെ നില്കുമ്പോളേക്കും
ഗോപാലേട്ടൻ ഒരു പഴംപൊരി അവൾക്കുനേരെ നീട്ടി

ഇവർ ഇവിടെ വന്നിട്ടു കുറച്ചു നാളുകളെ ആയിട്ടുള്ളു , ദാ അവിടെയാണ് കിടക്കുന്നത് , പാവങ്ങളാണ് .......
കച്ചവടം കൂടുതൽ കിട്ടാൻ ആ കുട്ടിയുടെ അച്ഛൻതന്നെയാണ് അതിന്റെ മുഖം വികൃതമാക്കിയത് . അയാൾക്കിതു എങ്ങിനെ തോന്നിയതാവോ ....

മനസ്സിനുള്ളിലെ വിഷമം പുറത്തുകാണിക്കാതെ ഗോപാലേട്ടൻ അവളുടെ നെറുകയിൽതലോടികൊണ്ടു പറഞ്ഞു .


""""ജീവിക്കുന്നത് നാനാഭാഷകളുള്ള ഇന്ത്യയിൽ ആണെങ്കിലും വയറുനിറക്കാനുള്ള ഭാഷ എന്താണെങ്കിലും അവർ പഠിച്ചിരിക്കും """

ഞങ്ങളെല്ലാവരും ഒന്നും മിണ്ടാതെ നിന്നു. 

ഇ ഭൂമിയിലുള്ള എല്ലാവരും ഒന്നുപോലെയാണ് , എന്നിട്ടും എന്തെ ഈശ്വരൻ പലരെയും പലതരത്തിൽ ജീവിക്കാൻ വിട്ടുകളയുന്നത് . 
ചിലർ തിന്നും കുടിച്ചും മരിച്ചുകൊണ്ടു ജീവിക്കുമ്പോൾ മറ്റുചിലർ ജീവിക്കാൻ വേണ്ടി മരിക്കുന്നു .
ഉണ്ണാനും ഉടുക്കാനും വേണ്ടി ചിലർ എല്ലുമുറിയെ പണിയെടുക്കുമ്പോൾ , ജന്മം കൊണ്ടും മാതാപിതാക്കളുടെ സമ്പാദ്യം കൊണ്ടും ദേഹമനങ്ങാതെ ജീവിച്ചുമരിക്കുന്നവർ എത്രയോപേരുണ്ട്

ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും പേരിൽ മനുഷ്യനെ വേർതിരിച്ചു ഈശ്വരൻ സൃഷ്ടിച്ചിട്ടില്ല എങ്കിലും ഇവയുടെയെല്ലാം പേരിൽ ജീവിക്കാനുള്ള ആഗ്രഹം പോലും നഷ്ട്ടമായവർ എത്രപേരാണ് 

സ്വർഗ്ഗവും നരകവും ഇ ഭൂമിയിൽത്തന്നെയാണ്.......
ഇവിടെ സ്വർഗം മാത്രം കണ്ടു ജീവിച്ചുമരിച്ചവരുണ്ട് , നരകത്തിൽ മാത്രം വേദനിച്ചു മരിച്ചവരുമുണ്ട് ................

കാതടിച്ചുപോകുന്ന ഇടിവെട്ട് ശബ്‌ദം എല്ലാവരെയും ആലോചനകളിൽ നിന്നും ഉണർത്തി .
കൂടുതലായൊന്നും ആലോചിക്കാതെ നിക്ടോം തൻ്റെ പോക്കറ്റില്നിന്നും കുറച്ചു നോട്ടുകളെടുത്തു ,ഞങ്ങളെല്ലാവരും പോക്കറ്റിൽ നിന്നും അഞ്ചും പത്തുമായി എടുക്കാൻ തുടങ്ങി , അധികമൊന്നും ഇല്ലെങ്കിലും ഉള്ളത് എല്ലാംകൂടി അവൻ  അവൾക്കുനേരെ നീട്ടി 
അതെത്രയാണെന്നോ എന്താണൊന്നൊ നോക്കാതെ അവളത്തുവാങ്ങി അമ്മക്കുനേരെ നീട്ടി , പാവയെടുത്തു ഞങ്ങളുടെ നേരെയും .

ഞങ്ങളാരും അത് വാങ്ങിയില്ല , ചിരിച്ചുകൊണ്ടെല്ലാവരും അവളുടെ ശിരശ്ശിൽതലോടി.

ബൈക്കിൽ കയറി യാത്രതിരിക്കുബോൾ ആ സ്ത്രീ ഞങ്ങൾക്ക് നേരെ കൈകൂപ്പി 

എല്ലാവരും യാത്രതുടർന്നെങ്കിലും ആരും ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല . ചാലക്കുടയിൽ നിന്നും അതിരമ്പിള്ളിയിലേക്കു തിരിയുന്ന വഴിയിൽത്തന്നെ ഹർത്താൽ അനുകൂലികൾ നിലയുറപ്പിച്ചിരുന്നു .
എങ്ങോട്ടാ എല്ലാവരും കൂടെ .......വേഗം തിരിച്ചുപോടാ................
അലറിക്കൊണ്ടവർ ഞങളുടെ നേരെ അടുത്തു .

ഞങ്ങളാരും എതിർക്കാൻ നില്കാതെ തിരിച്ചുപോരാൻ ഒരുങ്ങി .
ആ യാത്ര ഇനി തുടരേണ്ടെന്നു എല്ലാവരും കരുതിയതുപോലെ ആയിരുന്നു അത് .



കോരിച്ചൊരിയുന്ന മഴയും നനഞ്ഞു ഞങ്ങൾ ചാലക്കുടി സിഗ്നലും കാത്തുനില്കുമ്പോൾ അവൾ വീണ്ടും അതിലെ നടന്നുനീങ്ങുന്നുണ്ടായിരുന്നു .

ഞങ്ങളെ കണ്ടതും അവൾ ഒന്ന് നിന്നു ...

ആയിരം നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നപോലെ ഒരു പാൽപുഞ്ചിരിയും സമ്മാനിച്ചുകൊണ്ടവൾ വീണ്ടും ആപാവകൾ ഞങ്ങൾക്ക് നേരെ നീട്ടി ........












Sunday, November 3, 2019

പ്രണയം ...





ഓഫീസിൽ നിന്നും ആരോടൊന്നും പറയാതെ ഞാൻ വേഗം ഇറങ്ങി

ഇന്നെങ്കിലും അവളെ കാണണം ,കുറെ നാളുകളായി എന്നും അവളെ കാണാറുള്ളതാണ് .കഴിഞ്ഞ ഒന്നുരണ്ടു ദിവസങ്ങളായി അവളെ കാണാൻ കഴിഞ്ഞിട്ടില്ല . ഇന്നെങ്കിലും കണ്ടില്ലെങ്കിൽ .....ഓഒ... എനിക്കതു ഓർക്കാനേ വയ്യ.

ഞാൻ വളരെ തിടുക്കത്തിൽ നടന്നു ,ലിഫ്റ്റിന് കാത്തുനിൽക്കാതെ പടികളോരോന്നും ചാടിയിറങ്ങി

ഓഫീസിൽ എല്ലാവരും എന്നെ കളിയാക്കാൻ തുടങ്ങിയിരിക്കുന്നു .

ഇങ്ങനെയുണ്ടോ ഒരു പ്രണയം ... ഒരു ബെല്ലും ബ്രെകുമില്ലാതെ

പലരും ചിരിച്ചു..
ചിലർ പരിഹസിച്ചു , മറ്റുചിലർ സഹതപിച്ചു ...

ഞാൻ ഇങ്ങിനെയൊക്കെ ആയിത്തീരുമെന്നു ആരും കരുതിയില്ല

എന്താ സാറെ തിരക്കിട്ടു..... ഇക്കയുടെ ബേക്കറിയിലേക്കായിരിക്കും അല്ലെ  ?      ഓഫീസിലെ കാർഡ് പഞ്ച്‌ചെയ്യാൻ തിരക്കുകൂട്ടുന്നതുകണ്ടു രേവതി ചോദിച്ചു

സാറ്  തിരക്കുകൂട്ടണ്ട  , ഇന്നയാൾ വന്നിട്ടുണ്ട്...

പിന്നെയും രേവതി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ...
അതൊന്നും കേൾക്കാൻ നില്കാതെ  വേഗത്തിൽ ഇക്കയുടെ ബേക്കറി ലക്ഷ്യമാക്കി ഞാൻ നടന്നു

" അകലെനിന്നും എന്റെയടുത്തേക്കു വരുമ്പോൾ തന്നെ അവളുടെ പുഞ്ചിരി എനിക്കു കാണാം
ആരും കാണാതെ അവളെന്നെ എത്തിനോക്കും
ഒതുക്കിവെക്കാത്ത മുടി അവളുടെ മുഖത്തു അലക്ഷ്യമായി ഒഴുകിനടക്കുന്നത് കാണാം
അവളുടെ കണ്ണുകൾ .... ആ ചുണ്ടുകൾ .....പിന്നെയാപുഞ്ചിരി .........

അവളുടെ സൗന്ദ്യര്യം പറഞ്ഞു തീർക്കാൻ കഴിയില്ല "


ഇക്കാ... അയാൾ വന്നിട്ടുണ്ടോ ?

ചോദ്യം കേട്ട് ഇക്കാ തിരിഞ്ഞു നോക്കി

അ സാറോ  .. സാറുകയറി ഇരിക് . ഇന്നയാൾ വന്നിട്ടുണ്ട്
ഒന്നുരണ്ടു ദിവസം അയാൾ ലീവായിരുന്നു .

എന്റെമുഖത്തെ സന്തോഷം കണ്ടു ഇക്കാ വിളിച്ചുപറഞ്ഞു


റഹ്മാനെ ....  സാറിന്റെ സ്പെഷ്യൽ കോഫി ...

ഇക്കയുടെ മുഖത്തു വല്ലാത്തൊരു സന്തോഷം....

ബേക്കറിയിലുള്ള എല്ലാ സ്റ്റാഫും തന്നെത്തന്നെ നോക്കിയിരിക്കുകയാണ് 
എങ്കിലും എനിക്കൊരു ചമ്മലും തോന്നിയില്ല 

ഞാനവളെ ഒത്തിരി സ്നേഹിച്ചുപോയി ....എനിക്കതു മറക്കാനാവില്ല 
ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും അവൾ എന്റെ മനസ്സിൽ നിന്നും മാഞ്ഞുപോകില്ല

ഒത്തിരി ആകാംഷയോടെ അവളുടെ വരവും കാത്തു ഞാൻ ജനവാതിലിലേക്കു നോക്കിയിരുന്നു ...

ഒരിക്കൽ അവളെന്നെ  ഒത്തിരി  പ്രേണയിച്ചതാണ് , അന്നുഞാൻ  അറിയാതെ പോയി 
അവളുടെ  സിരകളിൽ എന്നോടുള്ള സ്നേഹം മാത്രമായിരുന്നു 
കൂട്ടുകാരൊത്തു സംസാരിച്ചുനില്കുമ്പോൾ  ഒരിക്കലെങ്കിലും  ഞാൻ അവളെ നോക്കുമെന്നു അവൾ പ്രേതീക്ഷിച്ചിരുന്നു ...
അവളെക്കുറിച്ചു എന്തെങ്കിലും പറയാമോ എന്നറിയാൻ ചെവികൂർപ്പിക്കുമായിരുന്നു 
എന്നെകാണിക്കാനായി അവൾ ഓരോദിവസവും  അണിഞ്ഞൊരുങ്ങി വരുമായിരുന്നു 

എങ്കിലും അവളുടെ മൗനപ്രണയം ഞാൻ അറിയാതെ പോയി ..എല്ലാം അറിഞ്ഞപ്പോളേക്കും വളരെ വൈകിപ്പോയിരുന്നു ......

ഇക്കാ ...വന്നില്ലാലോ

തിരക്കുകൂട്ടലെ സാറെ ...ഇപ്പോ വരും ......ഇ  സാറിന്റെ ഒരു തിരക്കുകണ്ട 

ഇക്കാ പുഞ്ചിരിയോടെ പറഞ്ഞു

വാതിലുകൾ തള്ളിത്തുറന്നു അയാൾ എന്റെയടുക്കലേക്കു വന്നു . അയാളുടെ കൈയിൽ ഒരു കപ്പു കാപ്പിയുണ്ടായിരുന്നു 

ആകാംഷയോടെ കാത്തിരുന്ന എന്റെ മുൻപിലേക്ക് അയാൾ  ആ കപ്പു നീട്ടി 

" തന്റെ പ്രേണയിനിയുടെ മുഖം വരച്ചുചേർത്ത കാപ്പി ".........ഞാൻ അതിലേക്കു വല്ലാതെ ഒന്ന് നോക്കി ...

എന്തു സൗന്ദര്യമാണവൾക്കു .........അവളെ അങ്ങിനെതന്നെ പകർത്തിവച്ചിരിക്കുന്നു ....

സന്തോഷമായോ സാറെ ....
കാപ്പിയിലേക്കു കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന എന്നെനോക്കി അയാൾ ചോദിച്ചു 

തിരിച്ചൊന്നും പറയാതെ ഞാൻ അയാളെ നോക്കി 
അയാൾക്കുവേണ്ടി വാങ്ങിയ വിലപിടിപ്പുള്ള ഒന്നുരണ്ടു പേനകൾ ഞാനയാൾക്കു നേരെ നീട്ടി ...

എന്തിനാ സാറെ ഇതൊക്കെ?

ഇരിക്കട്ടെ .....

ഒരിക്കൽ ഞാനും അവളും കൂടി ഇവിടെ വന്നിട്ടുണ്ട് , കാപ്പികുടിക്കാൻ 

എന്നെ നോക്കി വരക്കുമോ എന്നവൾ അന്ന് ചോദിച്ചപ്പോ അയാൾ അത് വരച്ചു കാണിച്ചിരുന്നു ...

പിന്നീടത്  പതിവായി ......

പ്രണയിച്ചുതീരാതെ ഇന്നവൾ അങ്ങകലെയാണ് .....
കൈയ്യെത്തിപിടിക്കാനാവാത്ത അത്ര ദൂരത്തിൽ.......എങ്കിലും
അവളെന്നും എന്റെ മനസിലുണ്ട് ...തനിക്കുചുറ്റുമുണ്ട് 
ഒരുനിമിഷവും അവളുടെ സാനിധ്യം ഞാനറിയുന്നു  , അവളുടെ ഗന്ധം ഞാനറിയുന്നു ....

എങ്കിലും ചെറുചൂടോടെ അവളെന്റെ ചുണ്ടിലേക്കു ഒഴുകിവരുമ്പോൾ , ഞാനവളിലും അവളെന്നിലും ലയിച്ചുചേരുകയാണ് .....ഇനിയും പ്രേണയിക്കുവാനായി .....



















Saturday, July 20, 2019

പച്ചക്കല്ലുള്ള മൂക്കുത്തി ..



മണികണ്ഠൻ പൂച്ചക്കൊരു ആഗ്രഹം , തന്റെ കിങ്ങിണിപൂച്ചക്കൊരു മൂക്കുത്തി വാങ്ങണം ...

പതിവുപോലെയുള്ള മീൻപിടുത്തവും കഴിഞ്ഞു അവൻ ചന്തയിലേക്ക് പോയി. തന്റെ വീട്ടിലെ ആവശ്യത്തിന് ഉള്ളത് മാറ്റിവച്ചിട്ടു ബാക്കിമുഴുവൻ ചന്തയിൽ വിൽക്കുകയാണ് പതിവ്

ഏറെ കുറെനാളായിട്ടുള്ള ആഗ്രഹമാണ് കിങ്ങിണിപൂച്ചക്കൊരു മൂക്കുത്തി .

ഇടക്കിടക്കു ചന്തയിൽനിന്നും കിട്ടുന്ന പൈസമാറ്റിവച്ചത് കൈയിലുണ്ട്. എന്തായാലും ഇന്നത് വാങ്ങിയിട്ടുതന്നെ .

മനസ്സിൽ വല്ലാത്ത ആഗ്രഹവുമായി മണികണ്ഠൻ തിടുക്കത്തിൽ നടന്നു.

ആദ്യത്തെ കടയിൽത്തന്നെ കയറി , കുറെയൊക്കെ വാരിവലിച്ചിടാനൊന്നും നിന്നില്ല .ഒന്നുരണ്ടെണ്ണം നോക്കിയിട്ടു അതിൽനിന്നൊരു പച്ചക്കല്ലുള്ള മൂക്കുത്തി എടുത്തു

മൂക്കുത്തിയുടെ ഭംഗി അവനെ വല്ലാതെ ആകർഷിച്ചു .
മൂക്കുത്തിയിട്ടു നിൽക്കുന്ന കിങ്ങിണിപൂച്ചയേയും,  തങ്ങളൊരുമിച്ചു നടക്കുമ്പോൾ   മൂക്കുത്തിയുള്ള ആ പാതിമുഖത്തേക്കു താനിടക്കിടക്ക്  നോക്കുന്നതും അവൻ മനസ്സിൽ ഓർത്തു

എന്ത് ഭംഗിയായിരിക്കും അവൾക്ക്..

ഭക്ഷണമെല്ലാം കഴിഞ്ഞു പതിവായിട്ടുള്ള കൊച്ചുവാർത്തമാനത്തിനിടയിൽ അവൻ മൂക്കുത്തി അവളുടെ നേരെ നീട്ടി

എന്തായിത് ? അവൾ ആകാംഷയോടെ ചോദിച്ചു

ഒരു മൂക്കുത്തി ..

മൂകുത്തിയോ ആർക്കായിതു..... അതിശയത്തോടെ അവൾ മണികണ്ഠന്റെ മുഖത്തേക്കു നോക്കി

ഇതു നിനക്ക് നന്നായിരിക്കും , എന്ത് ഭംഗിയാണിത്
ഇതിന്റെ പച്ചക്കല്ലിനു എന്താ തിളക്കം
ഇതിട്ടാൽ നിനക്ക് നല്ല ചന്തമായിരിക്കും

മണികണ്ഠന്റെ പഞ്ചാരവാക്കുകളൊന്നും അവൾ കേട്ടില്ല

ആയേ ,,,എനിക്ക് വേണ്ട ...ഞാൻ മൂക്കു കുത്തുകയില്ല
എനിക്കതിഷ്ടമല്ല ...ആളുകൾ കണ്ടാൽ എന്ത് പറയും
എല്ലാവരും എന്നെ കളിയാകില്ലേ ....എനിക്ക് വേണ്ട

കിങ്ങിൻപൂച്ച ചമ്മലോടെ പറഞ്ഞു .

 കാലങ്ങൾ പലതും കഴിഞ്ഞു , കിങ്ങിണി പൂച്ച മൂക്കു കുത്തിയില്ല എന്നാലും മണികണ്ഠൻ എന്നും ആ ആഗ്രഹം പറയുമായിരുന്നു

എവിടെയെങ്കിലും ദൂരെ ഒകെപോയിവരുമ്പോൾ അവൻ നല്ലൊരു മൂക്കുത്തിയും വാങ്ങി വരുമായിരുന്നു

അങ്ങിനെ  മൂക്കുത്തികൾ പലതും  കിങ്ങിണിപൂച്ചക്കു സ്വന്തമായി .


 ഒരുദിവസം  മീൻപിടിക്കാൻ ദൂരേക്കു പോയ മണികണ്ഠൻ  വൈകുന്നേരമായിട്ടും തിരിച്ചുവന്നില്ല . കിങ്ങിണിപ്പൂച്ച നേരം വെളുക്കുന്നവരെ ഉറങ്ങാതെ കാത്തിരുന്നു

നേരം വെളുത്തിട്ടും അവൻ വന്നില്ല .അവൾക്കു കരച്ചിൽ വരാൻ തുടങ്ങി

നാളുകൾ പലതും കഴിഞ്ഞു , അവൻ മടങ്ങി വന്നില്ല
ആളുകൾ പലതും പറയാൻ തുടങ്ങി
ഓരോദിവസം ചെല്ലുംതോറും അവൾക്കു സങ്കടം കൂടിവന്നു
ആളുകൾക്കിടയിലെ വർത്തമാനം പലരീതിയിലും മാറിമാറി വന്നു
അവളുടെ മനസും ശരീരവും തളരാൻ തുടങ്ങി .

പതിയെപ്പതിയെ അവൾ വീടിനുള്ളിൽ ഒതിങ്ങിക്കൂടാൻ തുടങ്ങി
ആരോടും മിണ്ടാതെ അവൾ തന്റെ കിടക്കയിൽ പ്രാർത്ഥനയും മറ്റുമായി തന്നെ ഒതുങ്ങിക്കൂടി

അങ്ങിനെയിരിക്കെ ഒരുദിവസം അവൾ നേരത്തെ എണീറ്റു . കുളിയെല്ലാം കഴിഞ്ഞു അവൾ പള്ളിയിൽ പോയി വന്നു . എന്തെന്നില്ലാത്തപോലെ അവളിൽ ഉന്മേഷം കണ്ടു .

നാളെ അവളുടെ പിറന്നാളാണ് , കൈ നിറയെ സമ്മാനങ്ങളുമായി മണികണ്ഠൻ വരുന്നതവൾ സ്വപ്നം കണ്ടിരുന്നു . തിരിച്ചു മണികണ്ഠനു വളരെ സന്തോഷമുണ്ടാകുന്ന സമ്മാനം നല്കാൻ അവൾ തീരുമാനിച്ചു

എല്ലാ പണികളും കഴിഞ്ഞു അവൾ പുറത്തിറങ്ങി . മൂക്കുകുത്തി പച്ചക്കല്ലുള്ള മൂക്കുത്തിയും ധരിച്ചുകൊണ്ടാണവൾ വന്നത്

  അന്ന് വൈകുനേരം അവൾ സന്തോഷമായി കിടന്നുറങ്ങി . നാളെ തന്റെ മണികണ്ഠനെ കൺനിറയെ കാണാൻ അവൾ കൊതിച്ചു

അവളുടെ സ്വപ്നം പോലെ പിറ്റേന്നു മണികണ്ഠൻ വന്നു .
മുറ്റം നിറയെ ആളുകളെ കണ്ടെങ്കിലും  മണികണ്ഠൻ അസാധാരണമായി ഒന്നും കണ്ടില്ല . തന്റെ വരവ് ഇവരികെ അറിഞ്ഞിട്ടുണ്ടാവും അങ്ങിനെ അവൻ കരുതി .

മീപിടിക്കാൻ പോയപ്പോ വഴിതെറ്റിപോയതും കവർച്ചകാരുടെ ഇടയിൽപെട്ടതും കുറച്ചുനാൾ ഹോപിറ്റലിൽ കിടന്നതും അങ്ങിനെ കിങ്ങിണിയോടുപറയാൻ ഒത്തിരിവിശേഷങ്ങളുണ്ടായിരുന്നു മണികണ്ഠനു

വീടിനകത്തേക്ക് കയറുംതോറും ആളുകളുടെ മുഖത്തെ സങ്കടം അവൻതിരിച്ചറിഞ്ഞു . അവന്റെ മുഖത്തെ സന്തോഷം പതിയെ മാറാൻ തുടങ്ങി .

കട്ടിലിൽ മരിച്ചുകിടക്കുന്ന കിങ്ങിണിയെ കണ്ടപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു . വാവിട്ടുകരയാൻ അവനായില്ല .തന്റെ ശരീരത്തിലെ ശക്തിമുഴുവനും ചോർന്നുപോകുന്മ്പോളും അവൻ വീഴാതെ അവളുടെ അരികിൽ ചേർന്നിരുന്നു .നെഞ്ചുപൊട്ടുന്ന വേദനയിലും അവൻ എന്നെന്നേക്കുമായി പുഞ്ചിരിച്ചുറങ്ങുന്ന അവളുടെ തണുത്തുമരവിച്ച ആ മുഖത്തു തലോടി


തലക്കുമുകളിലെ മെഴുകുതിരിവെളിച്ചം തട്ടി അവളുടെ പച്ചമൂക്കുത്തി വല്ലാതെ തിളങ്ങി . ആ തിളക്കം അവന്റെ കണ്ണുകളിൽ തട്ടിയെങ്കിലും കണ്ണുനീർത്തുള്ളികൾ അവയുടെ ഭംഗി ഇല്ലാതാക്കി

എല്ലാവേദനയും ഉള്ളിലൊതുക്കി ഏകനായിപോയ അവൻ അവളുടെ മുഖത്തേക്കു കണ്ണെടുക്കാതെ നോക്കിനിന്നു .അപ്പോളും അവൻ തന്റെ കൈകളിൽ പുതിയതായി വാങ്ങിയ പച്ചക്കല്ലുള്ള മൂക്കുത്തി മുറുകെ പിടിച്ചിരിക്കുകയായിരുന്നു ....

പച്ചക്കല്ലുള്ള മൂക്കുത്തി ..

അവന്റെ ജീവന്റെ ജീവനായവൾക്കു നൽകാനുള്ള പച്ചക്കല്ലുള്ള മൂക്കുത്തി...










Tuesday, July 9, 2019

കൈപ്പുണ്യം





ഇതെന്താ ഇന്നു പതിവില്ലാതെ ഇങ്ങോട്ടു വന്നത്... സാധാരണ ഇവിടെ വന്നു കഴിക്കാറില്ലലോ ...  ?

അസാധാരണമായി പൊതിച്ചോറുമായി സ്റ്റാഫ്‌റൂമിലേക്കു വരുന്ന മണവാളനെ നോക്കി  ശാരദ ടീച്ചർ  ചോദിച്ചു

പ്രതേകിച്ചു ഒന്നുമില്ല  , ഇന്ന് ഇവിടെ വന്നു കഴിക്കാമെന്നു കരുതി.പിന്നെ നിങ്ങളോടൊക്കെ എന്തെങ്കിലുമൊക്കെ സംസാരിച്ചിരുന്നു കഴിക്കാലോ ... എന്നും ഇ ഹോട്ടൽ ഭക്ഷണം മടുത്തു ......... ചെറിയ നാണത്തോടെയുള്ള മണവാളന്റെ സംസാരം കേട്ട് ശാരദ ടീച്ചർ അന്ധാളിച്ചുപോയി

ഇതിനു മുൻപൊന്നും ഇങ്ങിനെ കണ്ടിട്ടില്ല . അധികമാരോടും സംസാരിക്കാത്ത , വളരെ ഗൗരവക്കാരനായ ,ആരെയും നോക്കിച്ചിരിക്കുകപോലും ചെയാത്തയാളാണ് മണവാളൻ .
പഠിപ്പിക്കുന്ന കുട്ടികളോടുപോലും ചിരിച്ചുസംസാരിക്കാറില്ലത്രേ

ക്ലാസ്സിൽ വരുക ,പഠിപ്പിക്കുക ,തിരിച്ചുപോകുക .....അതായിരുന്നു മണവാളന്റെ സ്ഥിരം പരിപാടികൾ

സഹാധ്യാപകരോടുപോലും അധികം സംസാരിക്കാറില്ല .


സ്റ്റാഫ്‌റൂമിലെ എല്ലാവരും മണവാളനെനോക്കി അന്ധംവിട്ടിരുന്നുപോയി .

എല്ലാവരും എന്തെ കഴിക്കാതിരിക്കുന്നെ ...? മണവാളന്റെ ചോദ്യം കേട്ട് അവരെല്ലാം  പരസ്പരം നോക്കി

ഇ സ്കൂളിൽ വരുന്നതിനു മുൻപ് മണവാളൻ നല്ല ചുറുചുറുക്കുള്ള ചെറുപ്പകാരനായിരുന്ന് കേട്ടിട്ടുണ്ട്. അമ്മയുടെ മരണത്തിനുശേഷമാണെത്രെ ഇങ്ങിനെയൊക്കെ ആയതു.വീട്ടിലെ ഏകാന്തത അയാളുടെ മനസിനെ താളംതെറ്റിച്ചിരുന്നു .


രണ്ടാഴ്ചമുൻപായിരുന്നു അയാളുടെ വിവാഹം . അതിനുശേഷമാണ് മണവാളനിൽ മാറ്റമുണ്ടാവാൻ തുടങ്ങിയത് . ഭാര്യയുടെ സമീപനവും പെരുമാറ്റരീതികളും അവനെ വല്ലാതെ ആകർഷിച്ചിരുന്നു .

നല്ല കൈപുണ്യമുള്ളവളാണ് അയാളുടെ ഭാര്യ


ഇന്നലെ വൈകീട്ട് വീട്ടിൽചെന്നപ്പോ നല്ല ചിക്കൻകറി വക്കുന്ന മണം . സഹിക്കാനായില്ല ... കഴിക്കുന്ന സമയം വരെ എങ്ങിനെയാ കഴിച്ചുകൂട്ടിയതെന്നു എനിക്കറിയില്ല ...... അതിനിടയിൽ പലപ്രാവശ്യം ഒന്നുരണ്ടു കഷ്ണങ്ങളെടുത്തു രുചി നോക്കി .....മണവാളൻ ചെറുപുഞ്ചിരിയോടെ പറഞ്ഞു

വളരെ ഉത്സാഹത്തോടെ അയാൾ വീണ്ടും പറയാൻ തുടങ്ങി ....  കഴിഞ്ഞ ദിവസം മോരുകറി വച്ചു...... ഹോ ..... എന്തൊരു രസമായിരുന്നെന്നോ...ഒന്നുരണ്ടു ദിവസം ഞാനതു കൂട്ടിചോറുണ്ടു ..

മോരുകറിയും തോരനും തുടങ്ങിയങ്ങനെ പലതരത്തിലുള്ള കറികളുടെ വിശേഷങ്ങൾ  പറയുമ്പോൾ എന്തെന്നില്ലാത്ത ഒരു വികാരപ്രേകടനകൾ അയാളുടെ മുഖത്തു ശാരദടീച്ചർ ശ്രെദ്ധിച്ചു

ഭാര്യയുടെ പരിചരണവും സ്നേഹവും അയാളിൽ വല്ലാത്ത മാറ്റമുണ്ടാക്കിയിരിക്കുന്നു


ഇന്ന് സ്പെഷ്യൽ സാംബാർ ആണ് ....
എല്ലാവര്ക്കും ഉണ്ടാവില്ല .എന്നാലും ഒന്ന് രുചിനോകാം ...
എന്തെന്നില്ലാത്ത സന്തോഷത്തോടെ അയാൾ പറഞ്ഞു

തന്റെ ചോറ്റുപാത്രം തുറക്കുമ്പോൾ അയാളുടെ കണ്ണുകളിൽ ആകാംഷ കാണാമായിരുന്നു ,മുഖത്തൊരു  വല്ലാത്തയൊരു പ്രകാശം നിറഞ്ഞുനിന്നു

അവിടെയെങ്ങും പരന്നുതുടങ്ങിയ സാമ്പാറിന്റെ മണം
ശാരദടീച്ചറേയും  മറ്റു സ്റ്റാഫുകളെയും  അയാളുടെ ചോറ്റുപാത്രത്തിലേക്കു എത്തിനോക്കി പ്രേരിപ്പിച്ചു .


























Monday, July 1, 2019

പ്രണയിനിക്കൊരു കത്ത്.....




എന്നെങ്കിലുമൊരിക്കൽ ഇങ്ങിനെയൊരു കത്തെഴുതേണ്ടി വരുമെന്നു എനിക്കറിയാമായിരുന്നു

പ്രണയിക്കാൻ എന്നെ പഠിപ്പിച്ച നിനക്ക് ഇതൊരു പ്രണയലേഖനമല്ല , പരാതികളോ പരിഭവമോ അല്ല . മറിച്ചിതെന്റെ ഹൃദയസ്പന്ദനങ്ങളാണ്..

ഒരിക്കലും നേരിട്ട് നിന്നോടെനിക്ക്‌ പറയാൻ കഴിയില്ല എന്നറിയാമായിരുന്നിട്ടും പറയാനാഗ്രഹിച്ച ഒത്തിരി കാര്യങ്ങൾ .....

ഒരു നിമിഷംകൊണ്ട് ഡിലീറ്റ് ആകുന്ന മെസ്സേജുകളോ കോളുകളോ ചെയ്യാതെ ഇങ്ങിനെ ഒരു കത്തെഴുതുന്നതെന്ന് എന്തിനാണെന്ന്  നിനക്ക് തോന്നുന്നുണ്ടാവാം.  ഒരിക്കലെങ്കിലും എന്നെകുറിച്ചു നിനക്കോർമ്മവരുമ്പോൾ , ഇ കത്ത് നീ വായിക്കുമ്പോൾ , എന്റെ ഓർമകളും ശബ്ദവും നിനക്കുമുന്പിൽ ഉണ്ടാകാൻ വേണ്ടിമാത്രമാണിത്

ഒരിക്കലും മാഞ്ഞുപോകാതിരിക്കാൻ....

ഒരർഹതയുമില്ലാഞ്ഞിട്ടും ഇങ്ങിനെ ഒരെഴുത്തെഴുതാൻ ഞാനിപ്പോ നിർബന്ധിതനാണ്

നീ ഇതു വായിക്കുമ്പോൾ ചിലപ്പോ ഞാൻ ഓർമ്മകൾ മാത്രമായിരിക്കും 
ഒരിക്കൽ നേരിട്ട് കണ്ടു എല്ലാം തുറന്നു പറഞ്ഞു മാപ്പുചോദിക്കണം എന്നുകരുതിയതാണെങ്കിലും അതിനൊവസരം ഇനി ഉണ്ടാകുമെന്നു തോന്നുന്നില്ല 

ജെരമ്പുകളിൽ മരണത്തിൻറെ വേദന വല്ലാതെ തകർത്താടുകയാണ് 
അവസാന താണ്ഡവ നൃത്തം


ആദ്യമായി കണ്ടനാൾ ഞാനൊരിക്കലും ഓർത്തിരുന്നില്ല  . പലപ്പോളും കണ്ടിരുന്നെങ്കിലും എന്റെ മിഴികളിൽ നിനക്കിടം ഞാൻ കൊടുക്കാറില്ല
അന്ന് മറ്റുള്ളവർക്കിടയില്ലെല്ലാം ഒരു താരമായിരുന്ന നീ ഒരിക്കലും എന്നെ സ്നേഹിക്കുമെന്നു ഞാൻ കരുതിയിരുന്നില്ല .കരുത്തുമെലിഞ്ഞ തീരെ ഭംഗിയില്ലാതിരുന്ന ഞാൻ നിന്റെ മനസിലിടം പിടിക്കുമെന്നു എങ്ങിനെ മനസ്സിലാക്കാനാണ് .
കുറച്ചു അപകർഷതാ ബോധം എനിക്കുണ്ടായിരുന്നെന്നതു സത്യം തന്നെയാണ്

കരിമഷിയെഴുതിയ നിന്റെ കണ്ണുകൾ , വിടർന്ന നെറ്റി , അല്പം നീളമുള്ള മൂക്കും അരയറ്റം വരെയുള്ള മുടിയിഴകളും ,നിന്റെ പുഞ്ചിരി ....... പളുങ്കുമണികിലുക്കം പോലെയുള്ള നിന്റെ വർത്തമാനങ്ങൾ ......പാതി ചരിഞ്ഞുള്ള നോട്ടം .... എല്ലാം ഇന്നെന്റെമനസിൽ നിറഞ്ഞു നില്കുന്നു .

അന്ന് അതൊന്നും ഞാൻ കണ്ടിരുന്നില്ല. നിനോടുത്തുള്ള ആ സുന്ദരനിമിഷങ്ങളിൽ , നിന്റെ സന്തോഷങ്ങളിൽ  എല്ലാവരും പങ്കുചേർന്നപ്പോ ഞാൻ മാത്രം മാറിനിൽകുകയായിരുന്നു .

"എന്നെ പ്രണയിക്കാൻ പഠിപ്പിച്ചത് നീയാണ് , എല്ലാവരെയും സ്നേഹിക്കാൻ പഠിപ്പിച്ചതും നീയാണ്. എല്ലാവരെയും നോക്കി പുഞ്ചിരിക്കാനും എല്ലാവരോടും നന്നായി സംസാരിക്കാനും എനിക്കായതു നിന്റെ പ്രേരണയാണ് . നമ്മളൊന്നിച്ചിരുന്നപ്പോൾ മഴയോ വെയിലോ ഞാനറിഞ്ഞിരുന്നില്ല . മാസങ്ങളും വർഷങ്ങളും മണിക്കൂറുകൾ പോലെയാണ് കടന്നുപോയത്..."


ഞാൻ വരുന്നതും കാത്തു നീ നിന്നിരുന്ന ദിവസങ്ങൾ ഞാനറിഞ്ഞിരുന്നില്ല , നിന്റെ കണ്ണുകളിലെ തിളക്കവും എന്നോടുള്ള പ്രണയവും ഞാനറിയാതെ പോയതെന്താണ് ?  നിനോടൊരുവാക്കുപോലും മധുരമായി സംസാരിക്കാതെ ഞാൻ കടന്നുപോകുമ്പോൾ നിന്റെ കണ്ണുകൾ നനഞ്ഞിരുന്നത് എന്തെ ഞാനറിഞ്ഞില്ല ?

എന്റെ നോട്ടവും സംസാരവും അടുത്തിടപഴകിയുള്ള പെരുമാറ്റവും നിന്നെ എത്രമാത്രം ഊർജ്ജമുള്ളവളാക്കി എന്നതും ഞാനറിയാതെ പോയി

എല്ലാമറിഞ്ഞു ഞാൻ വന്നപ്പോളേക്കും വളരെ വൈകിപ്പോയിരുന്നു അല്ലെ ?

മുറിവേറ്റ മനസുമായി നീ നടന്നുപോയപ്പോൾ , അന്നെന്റെ പ്രണയം ഞാൻ തിരിച്ചറിയുകയായിരുന്നു

 "നിന്നോടുള്ള പ്രണയം   എനിക്കെന്റെ  ജീവിതമാണ് .
ഞാൻ  നിന്നെ  എത്രമാത്രം  സ്നേഹിക്കുന്നു  എന്നും  , നീയെന്റെ  ജീവൻ  ആണെന്നും .....പിന്നെ......
 ഇതൊക്കെ എങ്ങിനെ  നിനോടാണ്  പറയണമെന്നെനിക്കറിയില്ല .  പക്ഷെ  ഞാനെന്റെ  ജീവിതം  കൊണ്ട്  കാണിച്ചുതരാം ...... നിന്നെ  ഞാൻ  എത്രമാത്രം  സ്നേഹിച്ചിരുന്നു  എന്ന് "

നിന്റെ ഇ വാക്കുകൾ ഇന്നും എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്

ഇനി ......ഇനി എല്ലാം ഓർമകളായി മാത്രം മാറട്ടെ ......
ജീവിതം നൽകിയ പാഠങ്ങളും ശരീരം ഏറ്റുവാങ്ങിയ ശാപങ്ങളും എല്ലാം ഞാനിപ്പോ തിരിച്ചറിയുന്നു

എന്നെ നീ ഒരിക്കലും മറക്കില്ലെന്നറിയാം

ഞാനെന്നും നിനെക്കുറിച്ചോർക്കാറുണ്ട് , ദിവസത്തിലൊരിക്കലെങ്കിലും നിന്റെ പെരുവിളിക്കാറുണ്ട് 
നമ്മുടെ നല്ല നാളുകൾ എന്നും എന്റെ ഉറക്കത്തിനുമുന്പുള്ള ഒഴിവാക്കാനാവാത്തവ ആയിരുന്നു 


എല്ലാം കഴിഞ്ഞു ......ഇനി.... എത്ര നാളുകൾ 
ശരീരം കാർന്നുതിന്നുന്ന വേദനകൾ ഇപ്പോൾ മരവിപ്പ് മാത്രമായി കഴിഞ്ഞിരിക്കുന്നു

ചികിത്സയുടെ അവസാന ദിവസമാണിന്ന് , ഇ ഹോസ്പിറ്റലിൽ നിന്നുപടിയിറങ്ങുമ്പോൾ ഇനിയൊരു തിരിച്ചുവരവ് വേണ്ട എന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം . ബാക്കിയുള്ള നാളുകൾ സന്തോഷമായിരിക്കട്ടെ എന്ന്  മനസ്സിൽ തട്ടാത്തൊരു ആശംസയും 

ഞാനൊരിക്കലും ജീവിതം ആസ്വദിച്ചിട്ടില്ല , ആരുടെ സന്തോഷത്തിലും പങ്കുചേർന്നിട്ടുമില്ല , പുഞ്ചിരിച്ചുകൊണ്ടിരിക്കാൻ എനിക്കറിയില്ലായിരുന്നു 

ഇനി ....ഇവിടെ എന്റെ കൂടാരത്തിൽ വരുന്നവർക്കാർക്കും പുഞ്ചിരിക്കാനും കഴിയുകയില്ല

വളരെ വൈകിയാണെങ്കിലും ഞാനറിഞ്ഞ പ്രണയം എന്റെ ജീവിതം കൊണ്ട് നിന്നെ കാണിച്ചുതരാൻ എനിക്കായില്ല 


ഞാനറിയാതെ പോയ നിന്റെ പ്രണയം ഒരു ചുവന്ന റോസാപ്പൂവായി എന്റെ കൂടാരത്തിൽ ഒരിക്കലെങ്കിലും വരുമെന്ന പ്രതീക്ഷയിൽ ഞാൻ
കാത്തിരിക്കുന്നു  

എന്നും എന്റെ പ്രണയിനിക്കായി ഞാൻ കാത്തിരിക്കുന്നു .....





Saturday, June 15, 2019

നിനക്കൊപ്പം




ഞാനെത്ര  പ്രാവശ്യമായി  നിന്നോട്  ചോദിക്കുന്നു , ഒരിക്കലെങ്കിലും മുഖം എന്നെ കാണിക്കണമെന്ന് നിനക്ക് തോന്നിയിട്ടില്ലേ .നമ്മൾ പ്രണയത്തിലായിട്ട് വർഷങ്ങൾ ആയി .നിന്നോട് ഞാനെന്നും സംസാരിക്കുന്നുണ്ട് . നീ എഴുതുന്ന കഥകളും കവിതകളും വായിക്കാറുണ്ട് . നിന്റെ ഓരോ മെസ്സേജുകൾക്കും ഞാൻ കാത്തിരിക്കാറുണ്ട് .

ഒരിക്കലെങ്കിലും ഞാൻ നിന്നെ വിഷമിപ്പിച്ചിട്ടുണ്ടോ ? 

വേദനിപ്പിക്കുന്ന ഒരു വാക്കെങ്കിലും പറഞ്ഞിട്ടുണ്ടോ?

നിന്നെ ഞാൻ എത്ര മാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് നിനക്കറിയാമാലോ
എന്നിട്ടും നീ എന്താ ഇങ്ങിനെ ചെയുന്നത്.........

പതിവുപോലെയുള്ള എന്റെ പരാതികൾ കേട്ട് മെറിൻ കുലുങ്ങിചിരിച്ചു. ആചിരിയിൽ എനിക്ക് ദേഷ്യം വന്നെങ്കിലും ഞാനൊന്നും പറഞ്ഞില്ല

കുറച്ചുനേരത്തെ നിശ്ശബ്ദതക്കു ശേഷം ഞാൻ പിന്നെയും അവളോട് ചോദിച്ചു ..... നീ എന്താ ഇങ്ങിനെ .....

എനിക്ക് നിന്നെ ഒന്ന് കാണണം എന്നലെ പറഞ്ഞുള്ളു, കണ്ടിട്ട് വർഷങ്ങളായി
ഒരു ഫോട്ടോ അയച്ചുതന്നൂടെ .... അല്ലെങ്കിൽ ഒരു വീഡിയോ കാൾ ....

എന്റെയാഗ്രഹം നിനക്ക് മനസിലാവുന്നില്ലേ?

എനിക്ക് മനസിലാകും സതീഷ് ......മെറിൻ പതുകെ പറഞ്ഞു

എന്നിട്ടെന്താ പിന്നേയും ഇങ്ങിനെ ....എന്റെ ചോദ്യത്തിന് അവൾ വീണ്ടും നിശബ്തത പാലിച്ചു

നമ്മുടെ പ്രണയകാലം നിനക്ക് ഓർമ്മയുണ്ടോ സതീഷ്, സ്കൂളിലും കോളേജിലും ഒകെ പഠിച്ചിരുന്ന കാലം . എത്ര രസമായിരുന്നു അല്ലെ അന്നൊക്കെ
നമ്മുടെ സ്നേഹം കണ്ടു പലരും അസൂയപ്പെട്ടിട്ടുണ്ട് ...

ഒരിക്കൽ .........ഒരിക്കൽ ഹോസ്റ്റലിനു മുകളിൽ കയറിനിന്നു ഇപ്പോൾത്തന്നെ നീ വന്നില്ലെങ്കിൽ ഞാൻ ആത്മഹത്യാ ചെയ്യുമെന്ന് പറഞ്ഞപ്പോൾ ആ പാതിരാത്രിക്കുതന്നെ നീ എന്നെ വന്നു കണ്ടത് ഓർമ്മയുണ്ടോ .....

അന്ന് ഞാൻ നിന്റെസ്നേഹം മനസിലാക്കി , അത് പിന്നീട് പലപ്പോളായി കൂടിയിട്ടേ ഉള്ളു..."

മെറിൻറെ വാക്കുകൾ എന്നെ പഴയകാലത്തേക്കു കൊണ്ടുപോയി

ഒരിക്കലും  അവളെന്നോട്  ചോദിച്ചിട്ടില്ല  തന്നെ  ഇഷ്ടമാണോ എന്ന്‌ ,എന്നെ ഇഷ്ടമാണോ എന്ന്ഞാനും ചോദിച്ചിട്ടില്ല .
അവളുടെ  പനിനീർപ്പൂ സൗന്ദര്യവും  കരിനീല  കണ്ണുകളും  എന്നെ അകർഷിച്ചിട്ടില്ല
ചടുലമായ സംസാരവും ആരെയും ആകർഷിക്കുന്നതരത്തിലുള്ള പെരുമാറ്റവും അവളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥമാക്കിയിരുന്നു
എല്ലാവരെയും നോക്കി പുഞ്ചിരിക്കാൻ അവൾക്കറിയാമായിരുന്നു

പാതിച്ചുരുണ്ട തലമുടിയിഴകൾ അവളുടെ ഇടതു  കണ്ണുകളെ ഇടക്കിടക്കു ശല്യപെടുത്തുന്നുണ്ടായിരുന്നു
 മഞ്ഞയും ചുവപ്പും നിറഞ്ഞ ചുരിദാറുകൾ അവൾക്കു ഹരമായിരുന്നു

എങ്കിലും പലപ്പോഴും മിഴിനിറഞ്ഞ മൗനമായ മുഖം അവൾക്കുണ്ടായിരുന്നു

ഇതൊക്കെ നീ ഇപ്പോഴും ഓർത്തിരിക്കണോ ....ഞാനവളോട് ചോദിച്ചു

ഞാനതൊക്കെ മറന്നുപോകുമെന്നു സതീഷിനു തോന്നുന്നുണ്ടോ ?   .. അവളുടെ ശബ്ദം പതിയുന്നതായി എനിക്ക് തോന്നി

എന്നിട്ടും നീ എന്താ എന്നോടിങ്ങനെ കാണിക്കുന്നതെന്ന ചോദ്യത്തിന് അവൾ മറുപടി ഒന്നും പറഞ്ഞില്ല പകരം വീണ്ടും പഴയകാലത്തിലേക്കു കടന്നു

ഒരിക്കൽ കോളേജിൽ എന്നെ ശല്യപെടുത്തിയിരുന്ന പയ്യനെ ക്ലാസ്സിൽ കയറി പിടിച്ചിരിക്കി അടിച്ചത് ഓർമ്മയുണ്ടോ ...അതിനു ശേഷം അവനെന്നെ നോക്കാൻ പോലും പേടിയായിരുന്നു

എനിക്കുവേണ്ടി മണിക്കൂറോളം മഴയത്തു കാത്തുനിന്നതോർമ്മയുണ്ടോ ....
തട്ടുകടയിൽ നിന്നും കട്ടൻചായ കുടിച്ചത് ....

അവൾ നിർത്താതെ പഴയ കാര്യങ്ങൾ പറയാൻ തുടങ്ങി

വിഷയം മാറാൻ തുടങ്ങി എന്ന് മനയിലായപ്പോ ഞാൻ അവളോട് ചോദിച്ചു എനിക്കിപ്പോ നിന്നെ കാണണം , ഞാൻ വീഡിയോ കാൽ വിളിക്കട്ടെ

പറഞ്ഞു തീരുന്നതിനു മുൻപേ കോൾ കട്ടായി .കട്ട് ആയതാണോ അതോ വീഡിയോ കോൾചെയ്യാനായി കട്ട് ആക്കിയതാണോ എന്നു സംശയിച്ചെങ്കിലും തിരിച്ചു കോൾ വന്നില്ല ....വിളിച്ചിട്ടു എടുത്തതും ഇല്ല


പത്തുമിനിറ്റ് കഴിഞ്ഞതും മെറിൻ എന്നെ തിരിച്ചു വിളിച്ചു



 അയർലണ്ടിലെ പൂക്കൾക്ക് ഇപ്പോ പഴയപോലെ അത്ര ഭംഗിയൊന്നും ഇല്ല . കടലാസുപൂക്കൾ പോലെ ....
ഇവിടുത്തെ കാറ്റിനു സുഗന്ധവും ഇല്ല
പലനിറത്തിലുള്ള പൂക്കൾ പലതും നിറം മങ്ങിയിരിക്കുന്നു , വിടർന്നു നിൽക്കാൻ കഴിയാതെ അവ തളർന്നിരിക്കുന്നു
ഇവിടുത്തെ കാറ്റും മഴയും മഞ്ഞും ഒന്നും അവയെ ഉണർത്തുന്നില്ല

അവൾ എന്തൊക്കെയാണ് പറയുന്നതെന്ന് മനസിലാകാതെ ഞാൻ പകച്ചുനിന്നു

എത്ര സുന്ദരമായ നാടാണ്  അയർലൻഡ് , ഇവിടുത്തെ തണുത്ത കാട്ടിനുപോലും നല്ല സുഗന്ധമാണ് . പൂക്കളും പുഴകളും മലകളും എത്ര മനോഹരമാണെന്നു നീ തന്നെ എത്രപ്രാവശ്യം എന്നോട് പറഞ്ഞിട്ടുണ്ട്
...

എനിക്ക് നിന്നെ കാണണമെന്ന് പറഞ്ഞതിനാണോ നീ ഇങ്ങിനെ ഒക്കെപറയുന്നത് ..... എന്റെ ചോദ്യത്തിനവൾ മറുപടി പറഞ്ഞില്ല

എന്റെ കണ്ണുകളിൽ നീ മാത്രമാണ്  
മനസ് മുഴുവൻ നിന്റെ മുഖമാണ് ,
സുറുമയെഴുതിയ നിന്റെ കണ്ണുകൾ
എന്റെ ചുണ്ടുകൾ ആദ്യമായി ചുംബിച്ച നിന്റെ വിടർന്ന നെറ്റി
കൈകൾ ചേർത്തുപിടിച്ചു എന്നോടുചേർന്നുള്ള നിന്റെ നടത്തം ....

അങ്ങിനെ നിനെക്കുറിച്ചു ഓർത്തിരിക്കാൻ ഒത്തിരികാര്യങ്ങൾ ഉണ്ട്
നമ്മളൊന്നിച്ചുള്ള ആ നിമിഷങ്ങൾ .....ജീവിതത്തിൽ ഇത്ര സുന്ദരമായ ദിവസങ്ങൾ ഉണ്ടായിട്ടില്ല

ഒരിക്കലും നിനക്ക് യോജിക്കാത്ത എന്നെ നീ അത്രമാത്രം സ്നേഹിച്ചിരുന്നു ......

ആ ദിവസത്തെ ഓർമ്മകൾ മാത്രം മതി എനിക്ക് നിന്നെ കൺനിറയെ കാണാൻ
എങ്കിലും നേരിട്ട് കാണണമെന്ന് തോന്നുന്നതുകൊണ്ടാണ് ഞാൻ എപ്പോഴും ഇങ്ങിനെ പറയുന്നത്


സതീഷിനു തന്നെ കാണാനുള്ള ആഗ്രഹം കേട്ടു മെറിൻ  ശബ്‌ദം ഇടറിപറഞ്ഞു

എന്താ സതീഷ് ഇങ്ങിനെ ......നമ്മൾ ഒരുനാൾ തീർച്ചയായും കാണും

അതുവരെ കാത്തിരിക്കണം

കാത്തിരിപ്പിന്റെ സുഖവും വേദനയും ...അതെത്ര മനോഹരമാണ്
അങ്ങിനെ കാത്തിരിക്കാൻ ഒരാളുണ്ടാവുക എന്നുള്ളത് തന്നെ എത്ര ഭാഗ്യമാണ്

ഒത്തിരി കാത്തിരുന്ന് എന്നെ കാണുമ്പോൾ സതീഷിനു എന്ത് സന്തോഷമായിരിക്കും .... അങ്ങിനെ കാണുമ്പോൾ സതീഷ് എന്താ ചെയുക ....ഓർത്തുനോക്ക്

സതീഷ് .....നീ മാത്രമാണ് എന്റയും മനസ്സിൽ . എനിക്ക് ഓർമിക്കാനും പ്രണയിക്കാനും നീ മാത്രമാണുള്ളത് .നിന്നെ മാത്രമേ ഞാൻ സ്നേഹിച്ചിട്ടുള്ളു , ഇനി സ്നേഹികുകയുള്ളൂ....എന്റെ ജീവന്റെ അവസാനം വരെ ......

കുറച്ചു നേരം ആരും ഒന്നും മിണ്ടിയില്ല ....ഏറെ നിശ്ശബ്ദതക്കു ശേഷം അവൾ പറഞ്ഞു

എന്ന ഞാൻ പോകട്ടെ സതീഷ് ...എനിക്ക് ഡ്യൂട്ടിക്ക് പോകാൻ സമയമായി

ഇനി നാളെ വിളിക്കാം..... ലവ് യു ....

നുണയാണ് അവൾ പറഞ്ഞതെങ്കിലും അവളുടെ വികാരഭരിതമായ വാക്കുകൾ എന്റെ മുഖത്തു പ്രകാശം നൽകി

നാളെ വരെ ഓർത്തിരിക്കാനുള്ള സ്വപ്‌നങ്ങൾ നെയ്തെടുക്കാനുള്ള തിരക്കിൽ ഞാനും ഫോൺ കട്ട് ചെയ്തു

അയർലണ്ടിലെ മലകളെയും പൂക്കളെയും തഴുകി വരുന്ന സുഗന്ധമുള്ള കാറ്റ് ജനാലകളിലൂടെ  മെറിന്റെ അടുത്തേക് വീശി

മൃദുലമായ ഇരുകൈകളും കൊണ്ട് വീൽചെയറുരുട്ടി അവൾ തന്റെ കട്ടിലിനരികിലേക്കു നീങ്ങി

അപ്പോളും മിഴികളിൽ നിന്നും അടർന്നുവീണ കണ്ണുനീർ അവളുടെ പാതിവികൃതമായ കവിളിലൂടെ ഒഴുകാൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു...