Sunday, November 3, 2019

പ്രണയം ...





ഓഫീസിൽ നിന്നും ആരോടൊന്നും പറയാതെ ഞാൻ വേഗം ഇറങ്ങി

ഇന്നെങ്കിലും അവളെ കാണണം ,കുറെ നാളുകളായി എന്നും അവളെ കാണാറുള്ളതാണ് .കഴിഞ്ഞ ഒന്നുരണ്ടു ദിവസങ്ങളായി അവളെ കാണാൻ കഴിഞ്ഞിട്ടില്ല . ഇന്നെങ്കിലും കണ്ടില്ലെങ്കിൽ .....ഓഒ... എനിക്കതു ഓർക്കാനേ വയ്യ.

ഞാൻ വളരെ തിടുക്കത്തിൽ നടന്നു ,ലിഫ്റ്റിന് കാത്തുനിൽക്കാതെ പടികളോരോന്നും ചാടിയിറങ്ങി

ഓഫീസിൽ എല്ലാവരും എന്നെ കളിയാക്കാൻ തുടങ്ങിയിരിക്കുന്നു .

ഇങ്ങനെയുണ്ടോ ഒരു പ്രണയം ... ഒരു ബെല്ലും ബ്രെകുമില്ലാതെ

പലരും ചിരിച്ചു..
ചിലർ പരിഹസിച്ചു , മറ്റുചിലർ സഹതപിച്ചു ...

ഞാൻ ഇങ്ങിനെയൊക്കെ ആയിത്തീരുമെന്നു ആരും കരുതിയില്ല

എന്താ സാറെ തിരക്കിട്ടു..... ഇക്കയുടെ ബേക്കറിയിലേക്കായിരിക്കും അല്ലെ  ?      ഓഫീസിലെ കാർഡ് പഞ്ച്‌ചെയ്യാൻ തിരക്കുകൂട്ടുന്നതുകണ്ടു രേവതി ചോദിച്ചു

സാറ്  തിരക്കുകൂട്ടണ്ട  , ഇന്നയാൾ വന്നിട്ടുണ്ട്...

പിന്നെയും രേവതി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ...
അതൊന്നും കേൾക്കാൻ നില്കാതെ  വേഗത്തിൽ ഇക്കയുടെ ബേക്കറി ലക്ഷ്യമാക്കി ഞാൻ നടന്നു

" അകലെനിന്നും എന്റെയടുത്തേക്കു വരുമ്പോൾ തന്നെ അവളുടെ പുഞ്ചിരി എനിക്കു കാണാം
ആരും കാണാതെ അവളെന്നെ എത്തിനോക്കും
ഒതുക്കിവെക്കാത്ത മുടി അവളുടെ മുഖത്തു അലക്ഷ്യമായി ഒഴുകിനടക്കുന്നത് കാണാം
അവളുടെ കണ്ണുകൾ .... ആ ചുണ്ടുകൾ .....പിന്നെയാപുഞ്ചിരി .........

അവളുടെ സൗന്ദ്യര്യം പറഞ്ഞു തീർക്കാൻ കഴിയില്ല "


ഇക്കാ... അയാൾ വന്നിട്ടുണ്ടോ ?

ചോദ്യം കേട്ട് ഇക്കാ തിരിഞ്ഞു നോക്കി

അ സാറോ  .. സാറുകയറി ഇരിക് . ഇന്നയാൾ വന്നിട്ടുണ്ട്
ഒന്നുരണ്ടു ദിവസം അയാൾ ലീവായിരുന്നു .

എന്റെമുഖത്തെ സന്തോഷം കണ്ടു ഇക്കാ വിളിച്ചുപറഞ്ഞു


റഹ്മാനെ ....  സാറിന്റെ സ്പെഷ്യൽ കോഫി ...

ഇക്കയുടെ മുഖത്തു വല്ലാത്തൊരു സന്തോഷം....

ബേക്കറിയിലുള്ള എല്ലാ സ്റ്റാഫും തന്നെത്തന്നെ നോക്കിയിരിക്കുകയാണ് 
എങ്കിലും എനിക്കൊരു ചമ്മലും തോന്നിയില്ല 

ഞാനവളെ ഒത്തിരി സ്നേഹിച്ചുപോയി ....എനിക്കതു മറക്കാനാവില്ല 
ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും അവൾ എന്റെ മനസ്സിൽ നിന്നും മാഞ്ഞുപോകില്ല

ഒത്തിരി ആകാംഷയോടെ അവളുടെ വരവും കാത്തു ഞാൻ ജനവാതിലിലേക്കു നോക്കിയിരുന്നു ...

ഒരിക്കൽ അവളെന്നെ  ഒത്തിരി  പ്രേണയിച്ചതാണ് , അന്നുഞാൻ  അറിയാതെ പോയി 
അവളുടെ  സിരകളിൽ എന്നോടുള്ള സ്നേഹം മാത്രമായിരുന്നു 
കൂട്ടുകാരൊത്തു സംസാരിച്ചുനില്കുമ്പോൾ  ഒരിക്കലെങ്കിലും  ഞാൻ അവളെ നോക്കുമെന്നു അവൾ പ്രേതീക്ഷിച്ചിരുന്നു ...
അവളെക്കുറിച്ചു എന്തെങ്കിലും പറയാമോ എന്നറിയാൻ ചെവികൂർപ്പിക്കുമായിരുന്നു 
എന്നെകാണിക്കാനായി അവൾ ഓരോദിവസവും  അണിഞ്ഞൊരുങ്ങി വരുമായിരുന്നു 

എങ്കിലും അവളുടെ മൗനപ്രണയം ഞാൻ അറിയാതെ പോയി ..എല്ലാം അറിഞ്ഞപ്പോളേക്കും വളരെ വൈകിപ്പോയിരുന്നു ......

ഇക്കാ ...വന്നില്ലാലോ

തിരക്കുകൂട്ടലെ സാറെ ...ഇപ്പോ വരും ......ഇ  സാറിന്റെ ഒരു തിരക്കുകണ്ട 

ഇക്കാ പുഞ്ചിരിയോടെ പറഞ്ഞു

വാതിലുകൾ തള്ളിത്തുറന്നു അയാൾ എന്റെയടുക്കലേക്കു വന്നു . അയാളുടെ കൈയിൽ ഒരു കപ്പു കാപ്പിയുണ്ടായിരുന്നു 

ആകാംഷയോടെ കാത്തിരുന്ന എന്റെ മുൻപിലേക്ക് അയാൾ  ആ കപ്പു നീട്ടി 

" തന്റെ പ്രേണയിനിയുടെ മുഖം വരച്ചുചേർത്ത കാപ്പി ".........ഞാൻ അതിലേക്കു വല്ലാതെ ഒന്ന് നോക്കി ...

എന്തു സൗന്ദര്യമാണവൾക്കു .........അവളെ അങ്ങിനെതന്നെ പകർത്തിവച്ചിരിക്കുന്നു ....

സന്തോഷമായോ സാറെ ....
കാപ്പിയിലേക്കു കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന എന്നെനോക്കി അയാൾ ചോദിച്ചു 

തിരിച്ചൊന്നും പറയാതെ ഞാൻ അയാളെ നോക്കി 
അയാൾക്കുവേണ്ടി വാങ്ങിയ വിലപിടിപ്പുള്ള ഒന്നുരണ്ടു പേനകൾ ഞാനയാൾക്കു നേരെ നീട്ടി ...

എന്തിനാ സാറെ ഇതൊക്കെ?

ഇരിക്കട്ടെ .....

ഒരിക്കൽ ഞാനും അവളും കൂടി ഇവിടെ വന്നിട്ടുണ്ട് , കാപ്പികുടിക്കാൻ 

എന്നെ നോക്കി വരക്കുമോ എന്നവൾ അന്ന് ചോദിച്ചപ്പോ അയാൾ അത് വരച്ചു കാണിച്ചിരുന്നു ...

പിന്നീടത്  പതിവായി ......

പ്രണയിച്ചുതീരാതെ ഇന്നവൾ അങ്ങകലെയാണ് .....
കൈയ്യെത്തിപിടിക്കാനാവാത്ത അത്ര ദൂരത്തിൽ.......എങ്കിലും
അവളെന്നും എന്റെ മനസിലുണ്ട് ...തനിക്കുചുറ്റുമുണ്ട് 
ഒരുനിമിഷവും അവളുടെ സാനിധ്യം ഞാനറിയുന്നു  , അവളുടെ ഗന്ധം ഞാനറിയുന്നു ....

എങ്കിലും ചെറുചൂടോടെ അവളെന്റെ ചുണ്ടിലേക്കു ഒഴുകിവരുമ്പോൾ , ഞാനവളിലും അവളെന്നിലും ലയിച്ചുചേരുകയാണ് .....ഇനിയും പ്രേണയിക്കുവാനായി .....



















3 comments:

  1. കടുംവെട്ടിലവസാനിച്ച കഥയിലെ മുറിവ് വേദനിപ്പിച്ചു

    ReplyDelete
  2. പ്രണയം ഒരു സുഖമുള്ള നൊമ്പരം. നല്ല എഴുത്ത്

    ReplyDelete
  3. കഥ ആസ്വദിച്ചതിനും അഭിപ്രായത്തിനും നന്ദി

    ReplyDelete